44 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും
അഡ്മിൻ
സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ. ആകെയുള്ള 44 വാര്‍ഡുകളില്‍ 23 എണ്ണം കഴിഞ്ഞതവണ എല്‍ഡി എഫ് ജയിച്ച വാര്‍ഡുകളാണ്. പതിനാലെണ്ണം യുഡിഎഫിന്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിംഗ് വാര്‍ഡുകളാണ്. മൂന്നിടത്ത് മുന്നണികള്‍ക്കെതിരെ മത്സരിച്ച വിമതര്‍ക്കായിരുന്നു 2015 ല്‍ വിജയം.
രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്‌ചയാണ് വോട്ടെണ്ണല്‍. തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത്, ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറത്തെ മംഗലം പഞ്ചായത്ത്, വയനാട് മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഉപതെരെഞ്ഞെടുപ്പിനുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ 7 പഞ്ചായത്ത‌് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ‌്. കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടുകോണം വാർഡ‌് അംഗമായിരുന്ന സിപിഐ എമ്മിലെ ടി അശോക് കുമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ‌്. അദ്ദേഹത്തിന്റെ ഭാര്യ എൽ ശ്രീകലയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. കോൺഗ്രസിലെ എസ‌് രാജു (യുഡിഎഫ‌്), രാമരാജ‌് കോൺഗ്രസിലെ വിൽഫ്രഡ‌് രാജു (എൻഡിഎ) എന്നിവരും മത്സരിക്കുന്നു.
അമ്പൂരി പഞ്ചായത്തിലെ ചിറയക്കോട് വാർഡിൽനിലവിലുണ്ടായിരുന്ന അംഗം കോൺഗ്രസിലെ ചിറയക്കോട‌് വിജയൻ വിപ്പ് ലംഘിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനാലാണ‌് ഉപതെരഞ്ഞെടുപ്പ്.സിപിഐയിലെ ബാബു ജോസ് ആണ‌് എൽഡിഎഫ‌് സ്ഥാനാർഥി. കോൺഗ്രസിലെ ജീജോ ബാബു (യുഡിഎഫ‌് ) ബിജെപിയിലെ രതീഷ് ബാബു ( എൻഡിഎ ) എന്നിവരും രംഗത്തുണ്ട‌്.
നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനില വാർഡിൽ യുഡിഎഫ‌് അംഗമായിരുന്ന ആർഎസ‌്പിയിലെ ഷെരീഫിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ എം നജീം ആണ‌് എൽഡിഎഫ‌് സ്ഥാനാർഥി. ഷാനവാസ് (യുഡിഎഫ‌്), രതീഷ് കുമാർ (എൻഡിഎ), അജി (ബിഎസ‌്പി) എന്നിവരും രംഗത്തുണ്ട‌്.
കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാർഡ‌് അംഗമായിരുന്നു സിപിഐ എമ്മിലെ സജുവിന‌് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ ലതയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. യുഡിഎഫ‌് സ്ഥാനാർഥിയായി കോൺഗ്രസിലെ.. ശിവദാസൻ, ബിജെപി സ്ഥാനാർഥിയായി ... പ്രശാന്ത‌് എന്നിവരും മത്സരിക്കുന്നു. ആകെ 17 വാർഡുള്ള പഞ്ചായത്തിൽ എൽഡിഎഫ‌് ഭരണമാണ‌്. നിലവിൽ എൽഡിഎഫ‌്–- 8, യുഡിഎഫ‌് 8 എന്നിങ്ങനെയാണ‌് കക്ഷിനില. ഉപതെരഞ്ഞെടുപ്പ‌് നിർണായകമാണ‌്.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട‌് വാർഡ് അംഗമായിരുന്ന എൽഡിഎഫ‌് സ്വതന്ത്രൻ ടി മോഹനൻ നിര്യാതനായതിനെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌്. എൽഡിഎഫ‌് സ്വതന്ത്രൻ എ എൽ ഷിജിൻലാൽ, യുഡിഎഫിനായി കോൺഗ്രസിലെ ആർ ജോസ‌്, ബിജെപിയിലെ എ പ്രസാദ‌് എന്നിവരാണ‌് സ്ഥാനാർഥികൾ. കഴിഞ്ഞതവണ 17 വോട്ടിനായിരുന്നു വിജയം.
മാറനെല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡിൽ സിപിഐ എമ്മിലെ റീജയ‌്ക്ക‌് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ ബി നസീറയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. കോൺഗ്രസിലെ എം സബീന (യുഡിഎഫ‌്), ബിജെപിയിലെ ടി ശ്രീജ എന്നിവരും മത്സരിക്കുന്നു. കഴിഞ്ഞ തവണ 318 വോട്ടാണ‌് എൽഡിഎഫ‌് ഭൂരിപക്ഷം.
മാറനെല്ലൂർ പഞ്ചായത്തിലെ കുഴിവിള വാർഡിലെ നിലവിലെ അംഗമായിരുന്ന ബിജെപിയിലെ സുലഭയ‌്ക്ക‌് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന‌് രാജിവയ‌്ക്കുകയായിരുന്നു. സിപിഐയുടെ സി തിലോത്തമയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. കോൺഗ്രസിലെ സരോജം യുഡിഎഫിനായും ബിജെപിയിലെ ഹേമ ശേഖറും രംഗത്തുണ്ട‌്. കഴിഞ്ഞ തവണ 76 വോട്ടിനാണ‌് ബിജെപി ജയിച്ചത‌്.
കൊല്ലം
കൊല്ലംജില്ലയിൽ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.മൂന്നെണ്ണം കഴിഞ്ഞതവണ എൽഡിഎഫും ഒരെണ്ണം യുഡിഎഫും ജയിച്ച വാര്‍ഡുകളാണ്. കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്, ഇട്ടിവ പഞ്ചായത്തിലെ നെടുപുറം, കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം, അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. തുമ്പോട്, നെടുപുറം, ഓണമ്പലം വാർഡുകൾ എൽഡിഎഫും മാർക്കറ്റ് വാർഡ് യുഡിഎഫ് അംഗങ്ങളുമാണ് പ്രതിനിധീകരിച്ചത്.
കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട് വാർഡിൽ എൽഡിഎഫിലെ മനോഹരൻ മരിച്ചതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം ലെ ജെ എം മർഫിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിലെ ജി മോഹനൻ, ബിജെപിയിലെ മണിരാജൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിൽ എൽഡിഎഫിലെ അനിൽകുമാർ സർക്കാർ ജോലി കിട്ടി പോയതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായ ബി ബൈജുവാണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിലെ ബി രാജീവ്, ബിജെപിയിലെ ദീപേഷ്, ഡിഎച്ച്ആർഎമ്മിലെ വിജയൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
അഞ്ചൽ പഞ്ചായത്ത് 15–ാം വാർഡ് (മാർക്കറ്റ്) പ്രതിനിധിയായിരുന്ന യുഡിഎഫിലെ സുബൈദാ സക്കീർഹുസൈൻ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.. നസീമബീവി സലിം (എൽഡിഎഫ്), നൂർജഹാൻ (യുഡിഎഫ്), മൃദുല (ബിജെപി) എന്നിവരാണ് മത്സരരംഗത്ത്.
സിപിഐ അംഗമായ മേരിക്കുട്ടി ജോയിക്ക് ആരോഗ്യവകുപ്പിൽ നിയമനം ലഭിച്ചതിനെത്തുടർന്നാണ് കിഴക്കേ കല്ലട പഞ്ചായത്തിലെ ഏഴാം വാർഡായ ഓണമ്പലത്ത് ഉപതിരഞ്ഞെടുപ്പ്. എ ലില്ലിക്കുട്ടി (സിപിഐ), സിന്ധു പ്രസാദ് (കോൺഗ്രസ്സ്), മായ (ബിജെപി) എന്നിവരാണ് മത്സര രംഗത്തുള്ളത്.
ആലപ്പുഴ
ജില്ലയില്‍ അഞ്ചിടത്താണ് ഉപതെരെഞ്ഞെടുപ്പ് . ഇതില്‍ രണ്ടു വീതം എല്‍ഡി എഫ് ജയിച്ച വാര്‍ഡും ഒരെണ്ണം എന്‍സിപി റിബല്‍ ജയിച്ച വാര്‍ഡുമാണ്.
മാവേലിക്കര ബ്ലോക്ക‌് പഞ്ചായത്ത‌് വെട്ടിയാർ ഡിവിഷന്‍ നിലവിൽ സിപിഐഎം സീറ്റ‌്. ടി പി ത്രിവിക്രമനുണ്ണിത്താൻ മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് .
ഭാര്യ ഓമനക്കുട്ടി അമ്മയാണ് സ്ഥാനാർഥി.കോൺഗ്രസ‌് സ്ഥാനാർഥി സുരേഷ‌് കളിയിക്കൽ.മത്സരിയ്ക്കുന്നു.ബിജെപി സ്ഥാനാർഥിയുണ്ട‌്.
കായംകുളം നഗരസഭ വെയർ ഹൗസ‌് വാർഡില്‍ എൻസിപി റിബലായി വിജയിച്ച‌് എൽഡിഎഫിനൊപ്പം നിന്ന
സുൾഫിക്കൽ മയൂരി അഗ്രോ ഇൻഡസ‌്ട്രീസ‌്ചെയർമാനായതിനാൽ അയോഗ്യനാക്കപ്പെട്ടു.തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് .
എ ഷിജി (സിപിഐ), അനീസ‌് കലാം (മുസ്ലിംലീഗ‌്), പ്രദീപ‌് (ബിജെപി) എന്നിവര്‍ സ്ഥാനാര്‍ഥികള്‍.
ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ‌് നിലവിൽ യുഡിഎഫ‌് 50 വോട്ടിനു ജയിച്ച വാര്‍ഡാണ്. ജയിച്ച ജെ രാധാകൃഷ‌്ണ നായിക‌് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് .ഡി പ്രദീപ‌്കുമാർ (എൽഡിഎഫ‌് സ്വതന്ത്രൻ),മുരളീധര ഷേണായ‌് (യുഡിഎഫ‌്) സുരേഷ‌്കുമാർ (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
കുത്തിയതോട‌് പഞ്ചായത്ത് മുത്തുപറമ്പ‌് വാർഡ‌് കെപിസിസി അംഗം അബ‌്ദുൾഗഫൂർ ഹാജി 11 വോട്ടിന‌് ജയിച്ച വാര്‍ഡാണ്.അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്.
സിപിഐയിലെ കെ എസ‌് ഷിയാദ‌് (എൽഡിഎഫ‌്), എം കമാൽ (യുഡിഎഫ‌്),ബി ആർ ബൈജു (ബിജെപി) എന്നിവര്‍ സ്ഥാനാര്‍ഥികള്‍.
പാലമേൽ പഞ്ചായത്ത‌് മുളകുവിള വാർഡ‌്നിലവിൽ സിപിഐഎം സീറ്റാണ് . അഡ്വ.ടി ഗോപാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. 107 വോട്ടിനാണ് സി പി ഐ എം സ്ഥാനാർത്ഥി വിജയിച്ചത്. സിപിഐ എമ്മിലെ ധർമ്മപാലൻ (എൽഡിഎഫ്) ,കെ വി അനിൽകുമാർ (കോൺഗ്രസ് (ഐ), ആദർശ് ലാൽ ( ബി ജെ പി ) എന്നിവരാണ് സ്ഥാനാര്‍ത്ഥികൾ.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ഒരു വാര്‍ഡിലാണ് തെരഞ്ഞെടുപ്പ് .കോണ്‍ഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാര്‍ഡാണ്.
അങ്ങാടി പഞ്ചായത്ത് നെല്ലിക്കാൺ വാര്‍ഡില്‍ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർത്ഥിയായി അനി വലിയകാലായും ചേർത്തല രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ പകരം സുരേഷിനെ പ്രസിഡണ്ട് ആകണമെന്ന് താനറിയാതെ തന്റെ പേരിൽ കോൺഗ്രസ് നേതൃത്വം വ്യാജ എഗ്രിമെൻറ് ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് ബാബു പുല്ലാട്ട് മെമ്പർ സ്ഥാനം രാജിവച്ചത്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആറിടത്താണ് തെരഞ്ഞെടുപ്പ് .നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും. ഇതില്‍ തിരുവാർപ്പ‌് പഞ്ചായത്തിലെ മോർകാട‌് ഒന്നാം വാർഡില്‍ യുഡിഎഫ‌്,ബിജെപി,ബിഡിജെഎസ് സംയുക്തസ്ഥാനാര്‍ത്ഥിയാണ് എല്‍ഡിഎഫിനെ നേരിടുന്നത്. രഞ്ജ‌്നി സന്തോഷ‌് എൽഡിഎഫ‌് സ്ഥാനാര്‍ഥിയായി മത്സരിയ്ക്കുന്നു. മായമുരളിയാണ് എതിരാളി
പാല കരൂർ വലവൂർ ഇൗസ‌്റ്റ‌് വാർഡ‌് എല്‍ഡി എഫ് കഴിഞ്ഞതവണ ജയിച്ച വാര്‍ഡാണ്. എൽഡിഎഫ‌് സ്വതന്ത്രനായി രാജേഷും യുഡിഎഫില്‍ നിന്ന്
കേരള കോൺഗ്രസറ്റ‌് എമ്മിലെ രശ‌്മി തങ്കപ്പനും മത്സരിയ്ക്കുന്നു. വി കെ അജിയാണ് ബിജെപി സ്ഥാനാര്‍ഥി.
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡും എൽഡിഎഫ‌് ജയിച്ച വാര്‍ഡാണ് .ജോസിലി ജോൺ ആണ് സ്ഥാനാര്‍ഥി.ഡോളി കൊന്നാക്കൽ യുഡിഎഫ‌് സ്ഥാനാര്‍ഥിയായും പിസി ജോര്‍ജ് നയിക്കുന്ന ജനപക്ഷം സ്ഥാനാര്‍ഥി.യായി സവിതാ സാം നടുവിലപുരയ‌്ക്കലും മത്സരിയ്ക്കുന്നു.
പാമ്പാടി ബ്ലോക്ക‌് കിടങ്ങൂർ ഡിവിഷന്‍ നിലവിൽ എൽഡിഎഫ‌് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ് .പ്രസന്നകുമാരി മണിമലമറ്റം എൽഡിഎഫ‌് സ്വതന്ത്രയായും യുഡിഎഫില്‍ നിന്ന് ജോസ‌് തടത്തിലും (-േകരള കോൺഗ്രസ്സ‌് എം) ബിജെപിയില്‍ നിന്ന് അജിതകുമാരൻ നായരും മത്സരിയ്ക്കുന്നു.പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷൻ യുഡിഎഫ‌് ജയിച്ച വാര്‍ഡാണ്. റോസ‌്നി ജോബി എൽഡിഎഫ‌് സ്ഥാനാര്‍ഥിയായും ട്രീസ ജോസഫ‌് യുഡിഎഫ‌് ആയും രജനി പീറ്റർ ബിജെപി സ്ഥാനാര്‍ഥിയായും മത്സരിയ്ക്കുന്നു.
കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ‌് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വാര്‍ഡാണ് .ബിനോയ‌് തോമസ‌് ആണ് എൽഡിഎഫ‌് സ്ഥാനാര്‍ഥി.
കേരളകോൺഗ്രസ്സ‌് എമ്മിലെ എം സി ജേക്കബ‌് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയ്ക്ക് സ്ഥാനാർഥിയില്ല.
ഇടുക്കി
രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു നഗരസഭാ വാർഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായി അഞ്ചിടത്താണ് ഇടുക്കി ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നെണ്ണം എല്‍ഡിഎഫ് വാര്‍ഡും ഒന്നുവീതം ബിജെപിയും യുഡിഎഫും ജയിച്ചവയുമാണ്
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനില്‍ വിനീത അനില്‍കുമാറിന് (എൽഡിഎഫ്) ജോലി കിട്ടിയതിനാല്‍ രാജി വെച്ചതിനാലാണ് തെരഞ്ഞെടുപ്പ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷീന ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രീജാ വേണുഗോപാലും ബിജെപിസ്ഥാനാര്‍ത്ഥിയായി ദീപ രാജേഷും മത്സരിയ്ക്കുന്നു.കഴിഞ്ഞ തവണ 540 ആയിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം. ആകെ 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഇപ്പോള്‍ എല്‍ഡിഎഫ് -6, യുഡിഎഫ് -6 എന്നതാണ് കക്ഷിനില.ഉപതെരെഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ സുന്ദരത്തിന്റെ (എൽഡിഎഫ്) നിര്യാണത്തെതുടര്‍ന്നാണ് ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്. ജയിക്കുന്നയാൾ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പട്ടികവർഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവർഗ സംവരണ വാർഡാണ് കാന്തല്ലൂർ ഡിവിഷൻ. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനുണ്ടെങ്കിലും പട്ടികവർഗവിഭാഗത്തിൽപ്പെട്ട സിപിഐ എമ്മിലെ എ സുന്ദരത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആർ രാധാകൃഷ്‌ണനാണ്. എസ് കന്ദസാമി യുഡിഎഫില്‍ നിന്നും ശിവമുത്തു ബിജെപിയില്‍ നിന്നും മത്സരിയ്ക്കുന്നു.
തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ ബിജെപി കൌണ്‍സിലര്‍ ജോലികിട്ടി സ്ഥാനം ഒഴിയുകയായിരുന്നു.എല്‍ഡിഎഫില്‍ നിന്ന് രാജി രാജന്‍, യുഡിഎഫില്‍ നിന്ന് നാഗേശ്വരി അഭിലാഷ്, ബിജെപി സ്ഥാനാര്‍ത്ഥിയായി മായ എ നായർ.എന്നിവര്‍ മത്സരിയ്ക്കുന്നു.കഴിഞ്ഞ തവണ ബിജെപി ഭൂരിപക്ഷം 322 വോട്ടായിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. 35 അംഗ കൗൺസിലിൽ യുഡിഎഫ് - 14, എൽഡിഎഫ്- 13, ബിജെപി-7 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തില്‍ നിര്‍ണായകമാണ്.
ഉപ്പുതറ പഞ്ചായത്ത് കാപ്പിപ്പതാല്‍ വാര്‍ഡില്‍ യുഡിഎഫ് പ്രതിനിധി ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് .
എലിസബത്ത് ( ബീനാ സണ്ണി) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും പി നിക്സൺ യുഡിഎഫ് സ്ഥാനാര്‍ഥിയുമാണ്.ബിജെപി സ്ഥാനാർത്ഥിയില്ല.
കഴിഞ്ഞ തവണ യുഡിഎഫിന് 90 വോട്ടായിരുന്നു ഭൂരിപക്ഷം.
മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പി കെ രവീന്ദ്രന്റെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. എന്‍ എസ് സുനീഷ് എല്‍ഡി എഫ് സ്ഥാനാര്‍ഥി.ബിജെപി സ്ഥാനാര്‍ത്ഥിയായി ഐ കെ ശശിയും മത്സരിയ്ക്കുന്നു.
കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്.
എല്‍ഡിഎഫിനാണ് പഞ്ചായത്ത്ഭരണം.13 അംഗ പഞ്ചായത്തില്‍ 6 - 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണായകം.
എറണാകുളം
ജില്ലയില്‍ രണ്ടിടത്താണ് ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച വാര്‍ഡുകളാണ് രണ്ടും.നെല്ലിക്കുഴി പഞ്ചായത്തിലെ വാര്‍ഡില്‍ യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.ഷാജഹാന്റെ ഭാര്യ മുംതാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി.എല്‍ഡിഎഫ് പ്രതിനിധിയായി ടി എം അബ്ദുല്‍ അസീസ് മത്സരിയ്ക്കുന്നു.മധു ഡി യാണ് ബിജെപി സ്ഥാനാര്‍ഥി.
മഴുവന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന യുഡിഎഫ് അംഗം വി ഫിലിപ്പ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.എൽഡിഎഫ് സ്ഥാനാർഥി സി പി ഉത്തമൻ നായരും
യുഡിഎഫില്‍ നിന്ന് സീബ വർഗീസും മത്സരിയ്ക്കുന്നു.കഴിഞ്ഞ തവണ 541 വോട്ടായിരുന്നു യു ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ നാലു തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ മൂന്നെണ്ണം എല്‍ഡിഎഫിന്റെയും ഒരെണ്ണം യുഡിഎഫിന്റെയും സിറ്റിംഗ് വാര്‍ഡുകളാണ്. ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് . സിപിഐ എമ്മിലെ സുനില്‍ പണിക്കശ്ശേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നൗഷാദ് കൊട്ടിലിങ്ങല്‍ (കോണ്‍ഗ്രസ്), ദേവാനന്ദന്‍ പണ്ടാരത്തില്‍ (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ 600 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച ഡിവിഷനാണിത്. എല്‍ഡിഎഫ് അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
പൊയ്യ പഞ്ചായത്തില്‍ പൂപ്പത്തി അഞ്ചാംവാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് . സിപിഐ എമ്മിലെ അനുഗോപിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഷാജിത ടൈറ്റസ് ( കോണ്‍ഗ്രസ്), അനില (ബിജെപി) എന്നിവും മത്സരരംഗത്തുണ്ട്. എല്‍ഡിഎഫ് 139 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണിത്. മെമ്പറായിരുന്ന എല്‍ഡിഎഫിലെ സിന്ധുജോയിക്ക് വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോലഴി പഞ്ചായത്തില്‍ കോലഴി നോര്‍ത്ത് വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐയിലെ വി ജി രാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അംഗം കെ ജെ ചാണ്ടിയുടെ മരണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി കെ സുരേഷ്കുമാര്‍ (കോണ്‍ഗ്രസ് ), ദിബിന്‍ദാസ് ( ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗം 110 വോട്ടിനാണ് വിജയിച്ചത്.
പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാര്‍ഡിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ ഗിരിജ സോമനാഥിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ ശ്രീന വിനോദാണ് മത്സരിക്കുന്നത്. എ എം ആസ്യ (കോണ്‍ഗ്രസ്), പത്മാവതി (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. പഞ്ചായത്തംഗമായിരുന്ന വേണ്ടിവന്നത്. കഴിഞ്ഞതവണ 17 വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചത്.
പാലക്കാട‌്
പാലക്കാട് ജില്ലയില്‍ രണ്ടിടത്താണ് ഉപതെരഞ്ഞെടുപ്പ‌് .ഒരു വാര്‍ഡ് എല്‍ഡിഎഫും ഒന്ന്‍ ബിജെപിയും ജയിച്ച താണ് .കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാര്‍ഡില്‍ എൽഡിഎഫിലെ ജനതാദൾ (എസ്) അംഗം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ‌്. എൽഡിഎഫ് സ്ഥാനാർഥി വനജ കണ്ണൻ, യുഡിഎഫിന്റെ കമലം, ബിജെപിയുടെ വി സുനിത എന്നിവരാണ് ജനവിധി തേടുന്നത‌്.
മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡിൽ പ്രമീള അനന്തനാണ‌് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി അംഗം ജോലി കിട്ടിയതിനെ തുടർന്ന‌് രാജിവച്ചതോടെയാണ‌് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ രാജലക്ഷ‌്മി, ബിജെപിയിലെ സൗമ്യ സജീഷ‌് എന്നിവരും മത്സരരംഗത്തുണ്ട‌്.
മലപ്പുറം
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അഞ്ച‌് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ‌്. ഇതില്‍ മൂന്നെണ്ണം യുഡി എഫ് വാര്‍ഡുകളും രണ്ടെണ്ണം എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുമാണ്.
ആനക്കയം പഞ്ചായത്ത് നരിയാട്ടുപ്പാറ വാർഡംഗം മുസ്ലിം ലീഗിലെ സി പി അബ്ദുറഹിമാൻ രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പുഴക്കൽ ഇസ്മായിലും യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വി പി ഹനീഫയുമാണ‌് മത്സര രംഗത്തുള്ളത‌്.
മംഗലം പഞ്ചായത്ത് കൂട്ടായി വാർഡ് അംഗമായിരുന്ന മുസ്ലീം ലീഗിലെ അൽത്താഫ് ഹുസൈൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ‌്. ലീഗിന്റെ വിഭാഗീയതയിൽ മനം മടുത്താണ് അൽത്താഫ് ഹുസൈന്റെ രാജി. എൽഡിഎഫിലെ നാസർ കല്ലിങ്ങലകത്ത്, യുഡിഎഫിലെ സി എം ടി സീതി എന്നിവരാണ‌് മത്സര രംഗത്ത‌്. 20 അംഗ പഞ്ചായത്തിൽ യുഡിഎഫ് –-10, എൽഡിഎഫ് –-9 ആണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
ഊർങ്ങാട്ടീരി പഞ്ചായത്ത്, കളപ്പാറ വാർഡ‌് അംഗം എൽഡിഎഫിലെ റുഖിയ കോഴിശ്ശേരി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന‌്- രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ‌്. എൽഡിഎഫിലെ പി ഷഹർബാൻ യുഡിഎഫിലെ കെ ടി സുബൈദ എന്നിവരാണ‌് മത്സര രംഗത്ത്.
എൽഡിഎഫ് –-ജനകീയ വികസന മുന്നണി കൗൺസിലർ ഷീബ പോതൂക്കരയുടെ നിര്യാണത്തെ തുടർന്നാണ് പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറയിൽ ഉപ തെരഞ്ഞെടുപ്പ്. എൽഡിഎഫ് –-വികസന മുന്നണി സ്ഥാനാർഥിയായി ശ്യാമള വേപ്പല്ലൂർ, യുഡിഎഫിലെ മണ്ണാരക്കൽ വനജ, ബിജെപിയിലെ എം ശൈലജ എന്നിവരാണ‌് മത്സര രംഗത്ത‌്.
ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിച്ച‌് വിജയിച്ച അബ്ദുൽ ലത്തീഫ് രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ‌്. ഇദ്ദേഹം വീണ്ടും മുസ്ലിം ലീഗിൽ ചേക്കേറിയതോടെയാണ‌് അംഗത്വം രാജിവച്ചത‌്. എൽഡിഎഫിലെ പി വി മജീദ്, യുഡിഎഫിലെ ടി ഹൈദരലി എന്നിവരാണ‌് മത്സര രംഗത്ത‌്.
കോഴിക്കോട്
കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് .
സിപിഐ എം ലെ അരിക്കോട്ടില്‍ അനിതയാണ് എല്‍ഡിഎഫ് സ്ഥാനാത്ഥി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരോജിനിയും ബിജെപിസ്ഥാനാര്‍ത്ഥിയായി രമ കുണ്ടത്തിലും മത്സരംഗത്തുണ്ട്.കഴിഞ്ഞ തവണ 264 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത
വയനാട്
ജില്ലയില്‍ ഒരു വാര്‍ഡിലാണ് തെരഞ്ഞെടുപ്പ് .മുട്ടിൽ പഞ്ചായത്ത‌് 13–-ാം വാർഡ‌് (മാണ്ടാട‌് ) ഉപതെരഞ്ഞെടുപ്പിൽ അബ്ദുള്ള പുൽപ്പാടി ( സിപിഐ എം )ആണ് എൽഡിഎഫ‌് സ്ഥാനാർഥി. കെ മൊയ‌്തീൻ യുഡിഎഫ‌് (മുസ്ലീം ലീഗ‌്) സ്ഥാനാർഥി. ബിജെപിക്കും സ്ഥാനാർഥിയുണ്ട‌്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് റിബലായി സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എല്‍ഡിഎഫുമായി ചേർന്ന‌് പഞ്ചായത്ത‌് പ്രസിഡന്റായി.തെരഞ്ഞെടുക്കുപ്പെട്ടു. പിന്നീട് യുഡിഎഫിനൊപ്പമായി.
നജീമിന്റെ അംഗത്വം പിന്നീട‌്തെരഞ്ഞെടുപ്പ‌് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ‌് തെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണു ഇപ്പോള്‍ ഉള്ളത്.ഉപതെരെഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ ധർമടം പഞ്ചായത്തിലെ കോളനി കിഴക്കേ പാലയാട‌് വാർഡിലാണ‌്(9ാം വാർഡ‌്) ഉപതെരഞ്ഞെടുപ്പ‌്. നിലവിൽ ബിജെപി വാർഡ‌്. . 211 വോട്ടിന‌് വിജയിച്ച കെ ഗോപാലകൃഷ‌്ണന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ‌്. ലോക‌് താന്ത്രിക‌് ജനതാദളിലെ കൊക്കോടൻ ലക്ഷ‌്മണനാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. കോൺഗ്രസ‌് പി കെ ശശിധരനെ മത്സരിപ്പിയ്ക്കുന്നു. ബിജെപിക്കുവേണ്ടി ബിന്ധ്യ ചെള്ളത്ത‌് രംഗത്തുണ്ട്.
26-Jun-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ