നാലുവർഷത്തിനിടെ രാജ്യത്ത് 121 ആൾക്കൂട്ട ആക്രമണങ്ങൾ; ഭൂരിഭാഗവും പശുവുമായി ബന്ധപ്പെട്ട്
അഡ്മിൻ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ പെരുകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 ആൾക്കൂട്ട ആക്രമണങ്ങളാണ് . ആക്രമണങ്ങൾക്കു ഇരയായവരിൽ 98 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചവരെ കൂടാതെ 722 ആളുകൾ ആക്രമണത്തിന് ഇരയായി പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണങ്ങളിൽ 66 ശതമാനവും നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 16 ശതമാനം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്നു. പശുവിനെ കടത്തുന്നതും അറക്കുന്നതുമായി ബന്ധപെട്ട് 28ശതമാനം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ഇരകളായിട്ടുള്ളതിൽ 58 ശതമാനവും മുസ്ലീം വിഭാഗമാണെന്നുള്ളതും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
2012-2014 കാലയളവിൽ ഇത്തരത്തിൽ ആറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിൽ ബിജെപി രാജ്യത്ത് അധികാരത്തിൽ എത്തിയ ശേഷം 2015 മുതൽ ആകെ റിപ്പോർട്ട് ചെയ്തത് 121 കേസുകളാണ്. ഇതിൽ ഭൂരിഭാഗവും പശുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നുള്ളതും വ്യക്തമാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണ കുറ്റം ആരോപിച്ച് ജാർഖണ്ഡിലെ ഖർസ്വാൻ ജില്ലയിൽ യുവാവിനെ മണിക്കൂറുകളോളം മർദ്ദിച്ച ശേഷം പോലീസിന് കൈമാറിയത്. എന്നാൽ പൊലീസ് സ്റ്റേഷനിൽവെച്ച് യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു . ഇതിനുപിന്നാലെയാണ് കണക്കുകളും പുറത്തുവരുന്നത്.