ഉത്തർപ്രദേശിൽ കൃഷിനശിച്ച‌് കടക്കെണിയിലായ കുടിശ്ശികക്കാരുടെ കൃഷിയിടം ജപ‌്തി ചെയ‌്ത‌് ലേലത്തിൽ വയ‌്ക്കാൻ സർക്കാർ ഉത്തരവ്; കർഷകർ ആത്മഹത്യയുടെ വക്കിൽ
അഡ്മിൻ
ഉത്തർപ്രദേശിൽ കൃഷിനശിച്ച‌് കടക്കെണിയിലായ കർഷകർക്ക‌് ഇരുട്ടടിയായി സർക്കാർ ഉത്തരവ്. ഉത്തർപ്രദേശ‌് സഹകാരി ഗ്രാമബാങ്കിൽ നിന്ന‌് വായ‌്പയെടുത്തു കുടിശ്ശിക വരുത്തിയ കർഷകരുടെ കൃഷിയിടങ്ങളും വീടുകളും ജപ‌്തി ചെയ്തു ലേലത്തിന് വെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൂടാതെ കൃഷിസ്ഥലം ജപ‌്തി ചെയ‌്താലും വായ‌്പ മുതലും പലിശയും വസൂലാക്കാൻ കഴിയുന്നില്ലെങ്കിൽ കർഷകരെ അറസ്റ്റ‌് ചെയ‌്ത‌് ജയിലിൽ അടക്കാനും സർക്കാർ നിർദ്ദേശം നൽകി.
ബുന്ദേൽഖണ്ഡിലെ 170 കർഷകർക്കാണ‌് കിടപ്പാടവും കൃഷിയിടവും നഷ്ടമാകുന്നത‌്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ‌് സമയത്ത‌് കാർഷിക കടം പൂർണമായും എഴുതിത്തള്ളുമെന്ന‌് വാഗ‌്ദാനം ചെയ‌്തിരുന്നു. ഇക്കാര്യം സഹകരണ ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ‌്തു. ഇക്കാര്യങ്ങളെല്ലാം മറന്ന‌് കടുത്ത നടപടികളിലേക്ക‌് നീങ്ങുകയാണ‌് സർക്കാർ.
ചിത്രകൂട‌്, ഹാമിർപുർ, ബാന്ദ, മഹോദ എന്നിവിടങ്ങളിൽ 2341 കർഷകരാണ‌് പണം തിരിച്ചടയ‌്ക്കാനുള്ളത‌്. ചിത്രകൂട‌് ഡിവിഷനിലെ ബുന്ദേൽഖണ്ഡിൽ മാത്രം 60.3 കോടി രൂപ തിരിച്ചടയ‌്ക്കാനുണ്ട‌്. പണം തിരിച്ചടയ‌്ക്കാനായി പല കർഷകരും സ്വന്തം കിടപ്പാടംവരെ വിറ്റു. എന്നാൽ, ഇതിൽ 170 പേരുടെ കൃഷിസ്ഥലം ജപ‌്തി ചെയ‌്താലും വായ‌്പാമുതലും പലിശയും വസൂലാക്കാൻ കഴിയില്ല. ഇവർ ജയിലിലാകും. ദേശസാൽക്കൃത ബാങ്കുകളിൽ ഒരു ലക്ഷം രൂപവരെ എഴുതിത്തള്ളുമ്പോഴാണ‌് സഹകരണ ബാങ്കുകളിൽനിന്ന‌് കടമെടുത്ത‌് കൃഷിയിറക്കിയവരെ സർക്കാർ ചതിച്ചത‌്. ഭൂമി കണ്ടുകെട്ടി ലേലനടപടികൾ ഉടൻ തുടങ്ങുമെന്ന‌് കോ -ഓപ്പറേറ്റീവ‌് അഡീഷണൽ കമീഷണർ വിനയ‌്കുമാർ മിശ്ര അറിയിച്ചു.