സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു

അന്തർ സംസ്ഥാന സ്വകാര്യ ബസ് ലോബിയുടെ സമരം പൊളിഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാലപരിശോധന അവസാനിപ്പിക്കുക, കോൺട്രാക്ട‌് കാര്യേജ‌് വാഹനങ്ങൾ പരിശോധിച്ച‌് പിഴയിടുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യൻ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരം തുടങ്ങിയത്. എന്നാൽ ഈ ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല എന്ന് മാത്രമല്ല കൂടുതൽ ശ്കതമായി തുടരുമെന്നും സർക്കാർ സ്വകാര്യ ബസ് ലോബിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റു വഴികൾ ഇല്ലാതെ ബസ് മുതലാളിമാർ സമരം അവസാനിപ്പിച്ചത്.


തിങ്കളാഴ‌്ച ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തിയശേഷം സമരം ഉപേക്ഷിച്ചതായി കേരള ഇന്റർസ‌്റ്റേറ്റ‌് ബസ‌് ഓണേഴ‌്സ‌് അസോസിയേഷൻ പ്രഖ്യാപിച്ചു. അന്തർസംസ്ഥാന സ്വകാര്യബസ് സർവീസ് നിയമവിധേയമാക്കാനുള്ള കര്‍ശന നിര്‍ദേശവും ഗതാഗത സെക്രട്ടറി നല്‍കി. കോൺട്രാക്ട‌് കാര്യേജ‌് ലൈസൻസുള്ളവർ യാത്ര ആരംഭിക്കുന്നതിനുമുമ്പ‌് യാത്രക്കാരുമായി കരാർ ഉണ്ടാക്കണം. ഈ യാത്രക്കാരെ മാത്രമേ ബസിൽ കൊണ്ടുപോകാനാകൂ. യാത്രക്കാരുടെ പട്ടിക എല്ലാ ബസുകാരും ബന്ധപ്പെട്ട ഓഫീസർക്ക് വാഹനം പുറപ്പെടുന്നതിന് മുമ്പ‌് ഇ മെയിൽ വഴി കൈമാറണം. നോഡൽ ഓഫീസർ ഈ പട്ടിക പൊലീസ്, എക്സൈസ്, ആർടിഒമാർ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലേക്ക് കൈമാറും.

മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റെയ‌്ഡ‌് പരിശോധന തുടരും. യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം ഏർപ്പെടുത്തണം. വാഹനങ്ങളിൽ 15 ദിവസത്തിനുള്ളിൽ ജിപിഎസ‌് സൗകര്യം ഏർപ്പെടുത്തണം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി താൽക്കാലികമായി അംഗീകരിച്ച യാത്രക്കൂലി മാത്രമേ ഇടാക്കാനാകൂവെന്നും ഗതാഗത സെക്രട്ടറി ബസുടമകളോട‌് നിർദേശിച്ചു.

02-Jul-2019