സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കടുംപിടുത്തം ഉപേക്ഷിച്ച് മാനേജ്‍മെന്‍റുകള്‍; സർക്കാരുമായി സഹകരിക്കും

സംസ്ഥാനത്ത‌് എംബിബിഎസ‌്, ബിഡിഎസ‌് കോഴ‌്സുകളിലേക്ക‌് സർക്കാർ തുടക്കമിട്ട പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന‌് സ്വാശ്രയ മാനേജുമെന്റ‌് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. തിങ്കളാഴ‌്ച വൈകിട്ട‌് മന്ത്രി കെ കെ ശൈലജയുമായി അസോസിയേഷൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ‌്ചയിലാണ‌് ഇക്കാര്യം അറിയിച്ചത‌്.

തല്‍ക്കാലം സര്‍ക്കാരിനെതിരെ കോടതിയില്‍ പോകില്ലെന്ന് മാനേജ്മെന്‍റുകള്‍ ഉറപ്പുനല്‍കി. പ്രവേശന നടപടികൾ സുഗമമായി നടത്താൻ തൽക്കാലം സർക്കാരുമായി സഹകരിക്കുമെന്നും ഫീസ് കൂട്ടണമെന്ന ആവശ്യവുമായി ഉടന്‍ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‍മെന്‍റുകള്‍ അറിയിച്ചു. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് മാനേജ്‍മെന്‍റുകള്‍ വ്യക്തമാക്കി.

8 ലക്ഷം രൂപയെങ്കിലും എംബിബിഎസ‌് വാർഷിക ഫീസ‌് ഉയർത്തിയാലേ സ്വാശ്രയ കോളേജുകൾ നടത്തിക്കൊണ്ടുപോകാനാകൂവെന്ന‌് മാനേജുമെന്റുകൾ അവകാശപ്പെട്ടു. ഫീസ‌് നിർണയ സമിതിയായ ജസ‌്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി മൂന്ന‌് ദിവസത്തിനകം മെഡിക്കൽ ഫീസ‌് നിർണയിച്ചു നൽകും. 20 ശതമാനം ഫീസ‌് വർധനയാണ‌് മാനേജുമെന്റുകൾ ആവശ്യപ്പെട്ടിട്ടുള്ളത‌്. ഇത‌് രാജേന്ദ്രബാബു കമ്മിറ്റി അംഗീകരിക്കുന്നി‌ല്ലെങ്കിൽ ആ ഘട്ടത്തിൽ കോടതിയെ സമീപിക്കുമെന്ന‌് മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻഖൊബ്രഗഡെ, സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ എം നവാസ‌് തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാനത്ത‌് മെഡിക്കൽ പ്രവേശന നടപടികൾ ശനിയാഴ‌്ച ആരംഭിച്ചിരുന്നു‌. ഇതിനകം എട്ടുലക്ഷത്തോളം ഓപ‌്ഷനുകൾ സമർപ്പിച്ചു കഴിഞ്ഞു. ആറു വരെ ഓപ‌്ഷൻ നൽകാം.

02-Jul-2019