അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽഗാന്ധിക്കു പകരം മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽകുമാർ ഷിൻഡെ കോൺഗ്രസ‌് അധ്യക്ഷനാകുമെന്ന‌് സൂചന. മഹാരാഷ‌്ട്രയിൽനിന്നുള്ള ദളിത‌് നേതാവാണ‌് സുശീൽ കുമാർ ഷിൻഡെ. വരാൻ പോകുന്ന നിയാസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ‌്ട്രയിൽ അനുകൂല സാഹചര്യമുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിൽ ഉണ്ട് എന്നാണു കരുതുന്നത്.
നീണ്ട 21 വർഷത്തിനുശേഷമാണ‌് കോൺഗ്രസ‌് അധ്യക്ഷസ്ഥാനത്തേക്ക‌് നെഹ‌്റു–-ഗാന്ധി കുടുംബത്തിന‌് പുറത്തുനിന്ന‌് ഒരാൾ എത്തുന്നത‌്. തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന വിമർശം ഉന്നയിച്ചാണ‌് രാഹുൽഗാന്ധി സ്ഥാനമൊഴിഞ്ഞത‌്. പാർലമെന്ററി പാർടി യോഗത്തിലും കോൺഗ്രസ‌് മുഖ്യമന്ത്രിമാരുടെ യോഗത്തിലും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. ഇതോടെയാണ‌് സീതാറാം കേസരിക്കുശേഷം നെഹ‌്റു–-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന‌് അധ്യക്ഷൻ എത്തുന്നത‌്.
പാർലമെന്റേറിയൻ എന്ന അനുഭവ പരിചയവും മികച്ച പ്രതിച്ഛായയുമാണ് സുശീൽ കുമാർ ഷിൻഡെക്കു തുണയായത് . മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ‌്നിക‌് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട‌്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ അധ്യക്ഷനെ ഉടൻ കണ്ടെത്തേണ്ടത‌് അനിവാര്യമാണ‌്.