ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ശബരിമല യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിർമ്മാണം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വാദം ഉയർത്തിയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടില്ല എന്ന നിലപാട് ലോകസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് കേന്ദ്രസർക്കാരിന് വേണ്ടി നിലപാട് പ്രഖ്യാപിച്ചത്.

വിഷയത്തിൽ ആദ്യം മുതലേ കേന്ദ്രത്തിലെ ബിജെപി നേതാക്കളും ആർ എസ് എസ് നേതാക്കളും ശബരിമലയില്‍ യുവതീപ്രവേശം വേണം എന്ന നിലപാടിനൊപ്പം ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ നിലപാട് തിരുത്തി യുവതീ പ്രവേശനത്തിനെതിരെ സംഘപരിവാർ രംഗത്ത് വരുകയായിരുന്നു.

കൂടാതെ ശബരിമല യുവതീപ്രവേശം തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ എന്‍.കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ബില്ലിന്‍റെ വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷി ലേഖി അനുവദിക്കുകയും ചെയ്തിരുന്നില്ല.

03-Jul-2019