ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല: രാഹുൽ ഗാന്ധി

താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''കാലതാമസമില്ലാതെ പാര്‍ട്ടി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളില്‍ ഞാന്‍ പങ്കാളിയല്ല. ഞാന്‍ ഇതിനകം തന്നെ രാജി സമര്‍പ്പിച്ചുകഴിഞ്ഞു, ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്നു തീരുമാനമെടുക്കണം'' എന്നായിരുന്നു മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞത്.

രാഹുലിന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തള്ളിയിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ഇതുവരെയും തീരുമാനം പുനഃപരിശോധിച്ചിരുന്നില്ല. രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസം നടത്തുന്ന പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടും മോട്ടിലാല്‍ വോറയും സന്ദര്‍ശിച്ചു. എന്നാൽ ഇവരുടെ ശ്രമങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്.

03-Jul-2019