രാജ്യസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ 65 കോൺഗ്രസ്‌ എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക്‌ മറ്റും

ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുൻകരുതലെന്ന നിലയിൽ തങ്ങളുടെ 65 എംഎൽഎമാരെ റിസോട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കാണ് എംഎൽഎമാരെ മാറ്റുക. ദേശീയ മാധ്യമങ്ങളാണ്‌ വാർത്ത റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌.

വെള്ളിയാഴ്ചയാണ് രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത 24 മണിക്കൂർ നേരത്തേക്ക് എംഎൽഎമാരെ രാജസ്ഥാനിലെ മൗണ്ട് അബുവിൽ താമസിപ്പിക്കാനാണ് തീരുമാനം. ഇന്ന് നാലുമണിയോടെ സ്ഥലത്തു നിന്നും മൗണ്ട് അബുവിലേക്ക് തിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ആകെ 71 എംഎൽഎമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ളത്. ഇതിൽ 65 പേർ മൗണ്ട് അബുവിൽ തങ്ങും.

ബാക്കിയുള്ള ആറ് എംഎൽഎമാരിൽ അൽപേഷ് താക്കൂർ, ധവാൽസിങ് സാല എന്നിവര്‍ നേരത്തെ തന്നെ പാർട്ടിയിൽ നിന്നും വിഘടിച്ചു പോയവരാണെന്നും അവരുടെ വോട്ട് പാർട്ടി പ്രതീക്ഷിക്കുന്നില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. പാർട്ടി സ്ഥാനങ്ങളെല്ലാം രാജി വെച്ച അൽപേഷിനെ എംഎൽ‌എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന കോൺഗ്രസ്സിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

03-Jul-2019