കസ‌്റ്റഡി മർദനം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി വരുന്നു

കസ‌്റ്റഡി മർദനം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള നിയമ ഭേദഗതി വരുന്നു. ക‌സ‌്റ്റഡി മർദനം, സ‌്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവർക്കെതിരായ ആക്രമണം, രാജ്യദ്രോഹം എന്നീ അഞ്ച‌ു കുറ്റമാണ‌് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഗുരുതര കേസിലെ പ്രതികളെ നീക്കാൻ നിയമഭേദഗതി വേണമെന്ന ശുപാർശ പൊലീസ‌് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ‌്സെക്രട്ടറിക്ക‌് സമർപ്പിച്ചു.

30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിമൂവ‌് അല്ലെങ്കിൽ ഡിസ‌്മിസൽ ചെയ്യാൻ പൊലീസ‌് ഡിപ്പാർട‌്മെന്റ‌് ആൻഡ‌് അപ്പീൽ റൂൾസ‌് ഭേദഗതി ചെയ്യണമെന്നാണ‌് നിർദേശം. നിയമഭേദഗതി വന്നാൽ കുറ്റകൃത്യം ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

കുറ്റംചെയ്യുന്ന പൊലീസുകാർ സർവീസിലുണ്ടാകില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമം കാര്യക്ഷമമല്ലെന്ന‌് പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. ഇതേ തുടർന്നാണ‌് പൊലീസ‌് മേധാവിയുടെ നടപടി.

04-Jul-2019