കോടികൾ പാഴായി; പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച ഇ.ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് കൈമാറി
അഡ്മിൻ
നിർമ്മാണത്തിലെ അപാകതകൾ നിമിത്തം അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തിയ ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ റിപ്പോർട്ടിലെ വിവരങ്ങൾ മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വെളിപ്പെടുത്തി. പാലത്തിന് ഗുരുതരമായ ബരക്ഷയമുണ്ടെന്നും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പാലം പൂർണമായി പുനരുദ്ധാരണം നടത്തിയ ശേഷം മാത്രമേ ഗതാഗതത്തിന് തുറന്ന് കൊടുക്കാവൂ എന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം പാലം പൊളിച്ച് മാറ്റി പുതിയത് പണിയണമോ വേണ്ടയോ എന്നത് ചർച്ച ചെയ്ത് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. അതിനായി പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. ഐഐടി റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ ശ്രീധരനും ഐഐടിയിലെ വിദഗ്ധരുമായും ചർച്ച നടത്തും. ഇതിനു ശേഷമാകും പാലം പൊളിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പാലം നിർമ്മാണം ആരംഭിച്ചിരുന്നത്. തുടർന്ന് പാലം നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ വിജിലൻസിനോട് സർക്കാർ ആവശ്യപ്പെടുകയും കരാർ സമ്പാദിച്ച നിർമ്മാണ കമ്പനിയെയടക്കം അന്വേഷണ പരിധിയിൽ കൊണ്ട് വരികയും ചെയ്തിരുന്നു.