ബി ജെ പി ചതിച്ചെന്ന് വിലയിരുത്തൽ; ശബരിമല കർമ്മ സമിതിയിൽ നിന്നും എൻ എസ് എസ് പിന്മാറുന്നു
അഡ്മിൻ
ശബരിമല ആചാര സംരക്ഷണത്തിന് സമഗ്ര നിയമ നിർമ്മാണം ആവശ്യമില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ തുടർന്ന് ആർ എസ് എസ് രൂപീകരിച്ച ശബരിമല കർമ്മ സമിതിയിൽ വിള്ളൽ. മൂന്നു മാസത്തോളമായി നിശ്ചലമായിരുന്ന സമര പ്രചാരണ പരിപാടികള്‍ വീണ്ടും ശക്തമാക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് കർമ്മ സമിതിയിൽ വിള്ളൽ പുറത്തുവന്നിരിക്കുന്നത്.
പ്രതിഷേധമല്ല നിയമ നിയമനിര്മാണമാണ് വേണ്ടത് എന്നാണു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട്. ഇത് തന്നെയാണ് കർമ്മ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. ലോകസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് ആർ എസ് എസ് കർമ്മ സമിതി നേതാക്കൾക്ക് ഉറപ്പും നൽകിയിരുന്നു.
എന്നാൽ കേന്ദ്രം ഭരിക്കുന്ന ആർ എസ് എസ് പിന്തുണയുള്ള സർക്കാർ ഇതുവരെയും ശബരിമലക്ക് വേണ്ടി ഒരു നടപടിപോലും സ്വീകരിച്ചില്ല. മാത്രമല്ല പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ച നിലപാടും എൻ എസ് എസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. വോട്ടിനു വേണ്ടിയുള്ള സംഘപരിവാർ തന്ത്രം മാത്രമായിരുന്നു ശബരിമല പ്രക്ഷോഭം എന്നാണു ഇപ്പോൾ എൻ എസ് എസ് നേതാക്കൾ തന്നെ പരസ്യമായി പറയുന്നത്. അതുകൊണ്ടു തന്നെ ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനു കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കും സംഘടിപ്പിക്കുന്ന രഥയാത്രയുമായി സഹകരിക്കേണ്ട എന്നാണ് എൻ എസ് എസ് നിലപാട്.