പാലാരിവട്ടം മേൽപാലം നിർമ്മിച്ച കമ്പിനിയുടെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ചു; കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ട്

പാലാരിവട്ടം മേൽപാലം നിർമ്മിച്ച കമ്പിനിയുടെ മൂന്നാറിലെ 3.5 ഏക്കർ കയ്യേറ്റഭൂമി ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചു പിടിച്ചു. പ്രമുഖ റോഡുനിർമാണ കമ്പനിയായ ആർ.ഡി.എസ്. 2003-2005-ൽ നടന്ന പൂപ്പാറ-കുമളി റോഡ് നിർമാണസമയത്ത് സ്വകാര്യ വ്യക്തിയിൽനിന്നു പണംകൊടുത്തു വാങ്ങിയ പട്ടയവസ്തുവാണ് ഇതെന്ന് ഉടമയും കമ്പനി എം.ഡി.യുമായ സുമിത് ഗോയൽ അവകാശപ്പെട്ടെങ്കിലും അന്വേഷണത്തിൽ ഇത് വ്യാജപട്ടയമാണ് എന്ന് തെളിയുകയായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലം സർക്കാരിലേക്ക് കണ്ടുകെട്ടാൻ തീരുമാനിച്ചത്.

ഇതോടൊപ്പം മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെ 11.5 ഏക്കർ ഭൂമിയും സർക്കാർ കണ്ടുകെട്ടിയിരുന്നു. വി.എസ്. സർക്കാരിന്റെ മൂന്നാർ ദൗത്യകാലത്ത് പിടിച്ചെടുത്ത ചിന്നക്കനാലിലെ സർക്കാർ ഭൂമിയുൾപ്പെടെ വമ്പൻ കമ്പനികൾ കൈയേറിയതായി ഏതാനും മാസങ്ങൾക്കു മുമ്പാണ് വാർത്തകൾ വന്നത്. സംഭവം വിവാദമായതോടെ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. വ്യാജരേഖ ഉപയോഗിച്ചാണ് പല പട്ടയങ്ങളും നേടിയെടുത്തതെന്നു കണ്ടെത്തി. ഇതോടെ, ഇതിനു കൂട്ടുനിന്ന ഏഴ്‌ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ചിന്നക്കനാലിലെ വിവാദ കൈയേറ്റങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ വഴിയാണ് കമ്പനികൾക്ക് ഈ ഭൂമി ലഭിച്ചത്. ഇയ്യാൾക്കെതിരെയും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

06-Jul-2019