വീണ്ടും രാജി; കർണാടകയിൽ കോൺഗ്രസിനെ ബിജെപി വിഴുങ്ങുന്നു
അഡ്മിൻ
കർണാടകത്തിലെ കോൺഗ്രസ് സഖ്യകക്ഷി സർക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമര വിജയത്തിലേക്ക്. പത്ത് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എ.മാരും രാജിവച്ചതിന് പിന്നാലെ സ്വതന്ത്ര എം.എൽ.എയായ എച്.നാഗേഷ് കൂടി പിന്തുണ പിൻവലിച്ചതോടെ കർണാടകയിലെ ജെ.ഡി.എസ് , കോൺഗ്രസ് സഖ്യകക്ഷി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി.
കഴിഞ്ഞ ദിവസം 13 എം.എൽ.എമാർ രാജിവച്ചതോടെ 224 അംഗ സഭയിലെ അംഗ സംഖ്യ 211 ആയി കുറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ നിലവിൽ ഭൂരിപക്ഷത്തിന് 106 അംഗങ്ങൾ മാത്രം മതിയാകും. 79 കോൺഗ്രസ് എം.എൽ എ മാരിൽ 10 പേരും 37 ജെ.ഡി.എസ് എം.എൽ.എ മാരിൽ മൂന്നും പേരും രാജിവച്ചാൽ രണ്ട് സ്വതന്ത്രന്മാർ ഉൾപ്പെടെ 105 പേരുടെ പിന്തുണ മാത്രമേ സർക്കാരിനുണ്ടാകൂ. അതേസമയം നാഗേഷിന്റെ പിന്തുണ ലഭിക്കുന്നതോടെ ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയു ഉറപ്പാക്കും.
ഇതിനിടെ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഹീം ഖാനും ഉടന്‍ രാജിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച റഹീം ഖാന്‍ തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്നും പരിഹാരമായില്ലെങ്കില്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനാകുമെന്നും പിടിഐയോട് അദ്ദേഹം പറഞ്ഞു. കൂടാതെ കെ.സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി നേരിട്ട ശിവാജിനഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗും റിബല്‍ ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെയും രാജിനല്‍കിയവരുടെ രാജിക്കത്തുകള്‍ ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.
അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി തിരിച്ചെത്തിയതോടെയാണ് എം.എൽ.എ മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഭരണപക്ഷം ശക്തമാക്കി. രാജിവച്ച 13 എം.എൽ .എ മാരെയും മന്ത്രിമാരാക്കാനാണ് നീക്കം. ഇതിന് വഴിവയ്ക്കാൻ എല്ലാ കോൺഗ്രസ് മന്ത്രിമാരോടും രാജി അഭ്യർത്ഥിച്ചതായി സൂചനയുണ്ട്. എന്നാൽ ഇതിനു എത്രപേർ തയ്യാറാകുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.