കര്‍ണാടക കഴിഞ്ഞാല്‍ കേരളം; ആദ്യ ഘട്ടം ലക്ഷ്യം വെക്കുന്നത് നാല് ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളെ
അഡ്മിൻ
കര്‍ണാടകയിൽ ഓപ്പറേഷൻ താമര വിജയിച്ചതിനു പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് തിരിയുന്നു. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ ജില്ലാ സംസ്ഥാന നേതാക്കളെയാണ് ആദ്യഘട്ടം എന്ന നിലക്ക് വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി പാളയത്തിൽ എത്തിക്കാൻ ശ്രമം നടക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് കെ സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുമായി ബിജെപി ദേശീയ നേതൃത്വം ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഒരു വിഭാഗം ബിജെപി നേതാക്കൾ മാധ്യമപ്രവർത്തകർക്കു വിവരം ചോർത്തി നൽകിയതോടെയാണ് പദ്ധതി നടക്കാതെ പോയത്. എന്നാൽ ഇത്തവണ മുതിർന്ന കോൺഗ്രസ് നേതാക്കളെ കൊണ്ട് വരണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്വാധീനം ഉള്ള പ്രാദേശിക നേതാക്കളെ ബിജെപിയിലെത്തിച്ചു പരമാവധി സീറ്റുകളും അതുവഴി പഞ്ചായത്തുകളും പിടിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്‌ഷ്യം.
തിരുവനന്തപുരം നഗരസഭ ഉൾപ്പടെ ഇത്തരത്തിൽ പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതിനായി തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ ചില നേതാക്കളുമായി പ്രാഥമിക ഘട്ടം ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്തതായി ആണ് വിവരം. എന്നാൽ ഈ ചർച്ചകളിൽ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വൻഅഴിച്ചു പണി ഉണ്ടാകുമെന്നാണ് സൂചന. അതിനു ശേഷം കോൺഗ്രസിൽ നിന്നും രാജിവെച്ചാൽ മതി എന്നാണ് കേന്ദ്രസംഘം പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിലെ നേതൃത്വത്തിൽ കേന്ദ്ര നേതാക്കൾക്കും ചില കോൺഗ്രസ് നേതാക്കൾക്കുമുള്ള അവിശ്വാസമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് പിന്നിൽ എന്നാണു ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.