പോലീസ് പരിശോധനയിൽ കണ്ടെത്താത്ത ഉത്തരക്കടലാസ് കിട്ടിയത് ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് മാത്രം; ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചതും ഏഷ്യാനെറ്റ് നൽകിയ ചിത്രം?

സംഘർഷത്തെ തുടർന്നുള്ള സംഭവവികാസങ്ങളുടെ മറവിൽ ഒരുപറ്റം മാധ്യമങ്ങളുടെ പിന്തുണയോടെ യൂണിവേഴ‌്സിറ്റി കോളേജിനെതിരെയും എസ് എഫ് ഐക്കെതിരെയും നടക്കുന്ന ആസൂത്രിതനീക്കത്തിൽ ദുരൂഹത. കോളേജ‌് യൂണിയൻ ഓഫീസിൽ നടന്ന വിശദപരിശോധനയിൽ കാണാത്ത ഉത്തരക്കടലാസ‌് പിന്നീട‌് ഏഷ്യാനെറ്റിൽ മാത്രം എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നാണു അന്ന് അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ ഇപ്പോൾ ചോദിക്കുന്നത്.

കോളേജ‌് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ കെ സുമ പൊലീസിന്റെ സാന്നിധ്യത്തിലാണ‌് തിങ്കളാഴ‌്ച പകൽ ഒന്നരവരെ യൂണിയൻ ഓഫീസ‌് പരിശോധിച്ചത‌്. ഈ സമയം ചില മാധ്യമപ്രവർത്തകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഈ പരിശോധനയിൽ മദ്യകുപ്പികളോ ഉത്തരക്കടലാസുകളോ അവിടെനിന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മുറി വൃത്തിയാക്കാൻ നിർദ്ദേശം നൽകിയ ശേഷം എല്ലാവരും അവിടെന്നു പിരിയുകയായിരുന്നു.

എന്നാൽ മാധ്യമപ്രവർത്തകർ തന്നെ പറയുന്നതനുസരിച്ചു ഒരു ഫോൺ കാൾ വരുകയും തുടർന്ന് ഏഷ്യാനെറ്റ് മാധ്യപ്രവർത്തകൻ മാത്രം ഈ യൂണിയൻ മുറിയിലേക്ക് പോകുകയുമായിരുന്നു. ഇതിനെ തുടർന്നാണ് മദ്യകുപ്പികളും ഉത്തരക്കടലാസുകളും അവിടെ നിന്നും കണ്ടെത്തിയത് എന്നുമാണ്. പിന്നീട് ഇദ്ദേഹം പറഞ്ഞതനുസരിച്ചാണ് എല്ലാവരും ഈ വാർത്ത നൽകുന്നത്. ഇത് ശരിവെക്കുന്നതാണ് ഇന്ന് മാതൃഭൂമി നൽകിയ ചിത്രങ്ങൾ. ഏഷ്യാനെറ്റ് ചിത്രീകരിച്ച ചിത്രങ്ങളാണ് ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഇന്നലെ മാതൃഭൂമി വാർത്ത നൽകുമ്പോൾ അവരുടെ പക്കൽ ഉത്തരക്കടലാസുകളുടെ ചിത്രങ്ങൾ ഇല്ലായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

കോളേജ‌് യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടത്തെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നു ജീവനക്കാരെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയിട്ടുണ്ട്. ഇവരും ഏഷ്യാനെറ്റ് റിപ്പോർട്ടറും ചേർന്നാണ് ഉത്തര കടലാസുകളും മദ്യക്കുപ്പിയും യൂണിയൻ മുറിയിൽ കൊണ്ടിട്ടത് എന്നാണു പ്രാഥമിക നിഗമനം. ഇതേ തുടർന്ന് സർവകലാശാലാ ഉത്തരക്കടലാസ‌് കണ്ടെടുത്തതിനെപ്പറ്റി ക്രൈംബ്രാഞ്ച‌് അന്വേഷണത്തിന‌് ഡിജിപി ലോക‌്നാഥ‌് ബഹ‌്റ ഉത്തരവിട്ടു. സർവകലാശാലാ രജിസ‌്ട്രാറുടെ ശുപാർശയുടെയും കൂടെ അടിസ്ഥാനത്തിലാണ‌് തീരുമാനം.

17-Jul-2019