എൻ.ഐ.എ ഭേദഗതി ബിൽ: കോൺഗ്രസ് അനുകൂലിച്ചപ്പോൾ എതിർത്ത് വോട്ട് ചെയ്തത് സി.പി.എം അംഗങ്ങളായ എം.എ ആരിഫും, പി.ആർ നടരാജനും ഉൾപ്പടെ ആറ് പേര് മാത്രം

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന എൻ.ഐ.എ കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായപ്പോൾ എതിർത്തു വോട്ട് ചെയ്തത് വെറും ആറുപേർ. എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, സി.പി.എം അംഗങ്ങളായ എം.എ ആരിഫ്, പി.ആർ നടരാജൻ, സി.പി.ഐയുടെ കെ. സുബ്ബരായൻ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തത്.

ഭേദഗതി ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത് 'സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന ഭീകരവാദം' എന്നാണ്. മൗലികാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരിൽ പിൻവലിക്കേണ്ടി വന്ന ടാഡയ്ക്കു സമാനമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. അതുപോലെ ബിൽ ഭേദഗതി സംബന്ധിച്ച ചർച്ചയിൽ ശക്തമായ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയതത്. വോട്ടെടുപ്പ് നടന്നാൽ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നിൽക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെയാണ് കോൺഗ്രസും ഡി.എം.കെയും തൃണമൂൽ കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പ്രതിസന്ധിയിലായത്.

നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ സംഭവങ്ങൾ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എൻ.ഐ.എക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. പുറംരാഷ്ട്രങ്ങളിൽ ഇന്ത്യക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അധികാരവും ബിൽ നിയമമാവുന്നതിലൂടെ എൻ.ഐ.എക്ക് കൈവരും. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ വ്യാജകേസുകളിൽ കുടുക്കുകയും വിചാരണാ തടവുകാരായി ജയിലിലടച്ച് വർഷങ്ങൾ പാഴാക്കുകയും ചെയ്യുന്നു എന്ന ആരോപണം എൻ.ഐ.എക്കെതിരെ നിലനിൽക്കുമ്പോഴാണ് അമിത് ഷാ പുതിയ ഭേദഗതിയുമായി രംഗത്തുവന്നത്.

17-Jul-2019