മോദി സര്‍ക്കാര്‍ എന്‍.ഐ.എയെ കയറൂരി വിടുകയാണെന്ന് ചന്ദ്രിക എഡിറ്റോറിയല്‍; പക്ഷെ ലോക്‌സഭയില്‍ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യാൻ ലീഗിന് പേടി

മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ എന്‍.ഐ.എ ഭേദഗതി ബില്‍ എന്‍.ഐ.എയെ കയറൂരി വിടലാണെന്ന് ചന്ദ്രികയിൽ മുഖപ്രസംഗം എഴുതിയ ലീഗിന് പക്ഷെ ലോകസഭയിൽ ബിജെപിക്കെതിരെ വോട്ടു ചെയ്യാൻ പേടിയെന്നു സോഷ്യൽ മീഡിയ. ലോക്‌സഭയില്‍ ബില്ലിനെതിരെ വോട്ടു രേഖപ്പെടുത്താതെ മുസ്‌ലിം ലീഗ് എം.പിമാര്‍ മാറിനിന്ന സാഹചര്യത്തിലാണ് ലീഗിനെതിരെ വിമർശനം ശക്തമാകുന്നത്.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുംവിധം സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും കേന്ദ്രസര്‍ക്കാറിന്റെ ഉപകരണം മാത്രമായി എന്‍.ഐ.എ മാറിയെന്ന് ഇ.ടി മുഹമ്മദ് ബഷീറും ബില്ലിന് മേൽ നടന്ന ചർച്ചയിൽ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ വോട്ടെടുപ്പ് വന്നപ്പോൾ ഇരുവരും എതിർത്ത് വോട്ട് ചെയ്യാതെ മാറി നിൽക്കുകയായിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന എൻ.ഐ.എ കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായപ്പോൾ എതിർത്തു വോട്ട് ചെയ്തത് വെറും ആറുപേർ മാത്രമായിരുന്നു. എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, സി.പി.എം അംഗങ്ങളായ എം.എ ആരിഫ്, പി.ആർ നടരാജൻ, സി.പി.ഐയുടെ കെ. സുബ്ബരായൻ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തത്.

നേരത്തെ, മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഹാജരാകാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്നതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.

17-Jul-2019