ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പാളിനു നേരെ സംഘപരിവാറിന്റെ കൊലവിളി; കണ്ട ഭാവം നടിക്കാതെ മുഖ്യധാരാ മാധ്യമങ്ങൾ

അനുമതിയില്ലാതെ സ്ഥാപിച്ച ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിന്റെ പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ എ.ബി.വി.പി- ബി.ജെ.പി- യുവമോർച്ച പ്രവർത്തകർ പാലയാട് വെള്ളൊഴുക്കു നരിവയലിലെ പ്രിൻസിപ്പലിന്റെ വാടകവീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രിൻസിപ്പാളിന്റെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.

ഇതേ തുടർന്ന് മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കെ.ഫല്‍ഗുനൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇത്തരം ഒരു വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ ഇതുവരെയും കണ്ട ഭാവം നടിച്ചിട്ടില്ല. യുണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്കു കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ടു ദിവസങ്ങളോളം എസ് എഫ് ഐയെ പ്രതികൂട്ടിൽ നിർത്തി ചർച്ച ചെയ്ത മാധ്യമങ്ങളാണ് എബിവിപി പ്രവർത്തകരുടെ ഗുണ്ടായിസത്തിനു മൗനാനുവാദം നൽകുന്നത് എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

അതേസമയം ബ്രണ്ണൻ കോളേജിൽ പ്രിൻസിപ്പാൽ എടുത്തുമാറ്റിയ കൊടിമരം സ്ഥാപിക്കുന്നതിനായി എത്തിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രിൻസിപ്പലിനെ കണ്ട് അനുമതിയോടെ കൊടിമരം സ്ഥാപിക്കാമെന്നു പൊലീസ് എബിവിപി പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടും ഇത് വകവെക്കാതെ കോളേജിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെയാണ് തടഞ്ഞത്.

18-Jul-2019