നിർദ്ദേശം ലഭിച്ചാൽ 24 മണിക്കൂറിനകം മധ്യപ്രദേശ് സർക്കാരിനെ വീഴ‌്ത്തുമെന്നു ബിജെപി
അഡ്മിൻ
കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചാൽ മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാരിനെ വീഴ്ത്തുമെന്ന് ശിവരാജ‌്സിങ് ചൗഹാൻ. ‘കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ‌്. ബിഎസ‌്പി, എസ‌്പി പിന്തുണയോടെയാണ‌് സർക്കാർ നിലനിൽക്കുന്നത‌്. ഞങ്ങളുടെ ഒന്നാം നമ്പറോ രണ്ടാം നമ്പറോ ഒരു സൂചന നൽകിയാൽ 24 മണിക്കൂറിനകം സർക്കാർ വീഴും. രാഷ്ട്രീയ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ഉത്തരവാദിത്തം ഞങ്ങൾക്കായിരിക്കില്ല’–-ചൗഹാൻ പ്രതികരിച്ചു.
സർക്കാരിന‌് അധികം ആയുസ്സില്ലെന്ന‌് പ്രതിപക്ഷനേതാവ‌് ഗോപാൽഭാർഗവയും “ഭീഷണി’യുയർത്തിയിരുന്നു. ഒന്നാംനമ്പറിലൂടെ മോഡിയെയും രണ്ടാം നമ്പറിലൂടെ അമിത‌് ഷായെയുമാണ‌് ഭാർഗവ ഉദ്ദേശിച്ചത‌്. കമൽനാഥ‌് സർക്കാരിനെ തൊടാൻ കഴിയില്ലെന്ന‌് മന്ത്രി ജിത്തുപട‌്വാരി മറുപടി നൽകിയെങ്കിലും ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ മുട്ടുവിറയ‌്ക്കുന്നുണ്ട‌്. 230 അംഗസഭയിൽ കോൺഗ്രസിന‌് 114 അംഗങ്ങളുണ്ട‌്. നാല‌് സ്വതന്ത്രരുടെയും രണ്ട‌് ബിഎസ‌്പി എംഎൽഎമാരുടെയും ഒരു എസ‌്പി എംഎൽഎയുടെയും പിന്തുണയിലാണ‌് കോൺഗ്രസ‌് സർക്കാർ രൂപീകരിച്ചത‌്. ബിജെപിക്ക‌് 109 എംഎൽഎമാരുണ്ട‌്.
ബിജെപിയുടെ അട്ടിമറി ഭീഷണി നേരിടാൻ കമൽനാഥ‌് പല രാഷ്ട്രീയതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട‌്. ശിവ‌്‌രാജ‌്സിങ് ചൗഹാനും ബന്ധുക്കൾക്കുമെതിരെ ആരോപണം ഉയർന്ന കുപ്രസിദ്ധമായ വ്യാപം കുംഭകോണത്തിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചതാണ‌് പുതിയ നടപടി. എംഎൽഎമാരെ ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്ത‌് നിയമിച്ച‌് കൂടെ നിർത്താനും നീക്കംതുടങ്ങി. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും സർക്കാരിനെ കാക്കുന്ന എംഎൽഎമാർക്ക‌് മികച്ച വകുപ്പുകൾ നൽകുമെന്നും സൂചനയുണ്ട‌്.
പാർടിക്കുള്ളിലെ തമ്മിലടി കോൺഗ്രസിന‌് വൻ തിരിച്ചടി തന്നെയാണെന്ന‌് നേതാക്കളും സമ്മതിക്കുന്നു. സർക്കാരിനെ നിലനിർത്തുന്ന സ്വതന്ത്ര എംഎൽഎമാരുമായും ബിഎസ‌്പി, എസ‌്പി എംഎൽഎമാരുമായും ജ്യോതിരാദിത്യ സിന്ധ്യക്ക‌് അടുത്തബന്ധമുണ്ട‌്. സർക്കാരിനെ നിലനിർത്തുന്നത‌് തന്റെ സ്വാധീനമാണെന്ന‌് അവകാശപ്പെട്ട‌് പാർടിയിലും സർക്കാരിലും പിടിമുറുക്കാൻ സിന്ധ്യ നീക്കം നടത്തുന്നുണ്ട‌്. മന്ത്രിസഭായോഗത്തിൽ സിന്ധ്യയുടെ അടുപ്പക്കാരായ രണ്ട‌് മന്ത്രിമാർ കമൽനാഥുമായി വാഗ്വാദം നടത്തുകയും രാജിഭീഷണി മുഴക്കുകയുമുണ്ടായി. പടലപ്പിണക്കം ഒതുക്കിത്തീർക്കാൻ ദേശീയ നേതൃത്വം ഇല്ലെന്നതും കോൺഗ്രസിന‌് തിരിച്ചടിയാണ‌്.