ഉത്തരേന്ത്യയില്‍ കനത്ത മഴ.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ  വന്‍നാശം വിതയ്ക്കുന്നു.  മരണം ഇരുപത്തിയെട്ടായി. 22 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട് . ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഹിമാചൽ പ്രാദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.ഇരുപത്തിരണ്ട്. ഒൻപതുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യമുനാ നദിയില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതിനാല്‍ ഹത്തിനികുണ്ഡ് സംഭരണി തുറന്നുവിട്ടു. ഇതേതുടര്‍ന്ന് സുരക്ഷാ പ്രവര്‍ത്തനത്തിനായി സജ്ജരാകാന്‍ ഹരിയാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. ഉത്തരാഖണ്ഡില്‍ മൂന്ന് പേര്‍ മരിക്കുകയും 22 പേരെ കാണാതാവുകയും ചെയ്തു. പഞ്ചാബില്‍ മൂന്ന് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഡല്‍ഹിയിലും മഴ ശക്തമായിത്തുടരുകയാണ്. യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഗംഗ, യമുന, ഘാഗ്ര തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്

19-Aug-2019