സമൂഹമാധ്യമങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

സമൂഹമാധ്യമങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍, ദേശ വിരുദ്ധമായ ഉള്ളടക്കം, അപകീര്‍ത്തിപ്പെടുത്തല്‍. അശ്ലീലത എന്നിവ തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിലവില്‍ സംവിധാനമില്ലെന്നും ഇതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും സമൂഹമാധ്യമങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാനാണ് നീക്കമെന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുമ്പോൾ ബി ജെ പിയുടെ സൈബർ വിഭാഗം നിർമിച്ച ലക്ഷക്കണക്കിന് ഫേക്ക് ഐ ഡികൾ റദ്ദാകും. അതിനാൽ കേന്ദ്രത്തിന്റെ ആവശ്യം പിൻവലിക്കാൻ ആർ എസ് എസ് നേതൃത്വം ആവശ്യപ്പെടുമെന്ന് സൂചന ലഭിക്കുന്നു.  

20-Aug-2019