റോഡ് വികസനം ഗഡ്ക്കരിക്ക് മോഡിയുടെ ശകാരം

റോഡ് വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശകാരം. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ചചെയ്യാതെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി അനുവദിച്ചതാണ് ശകരാത്തിനുള്ള കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ദി പ്രിന്‍റ്  റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്താതെ പുതിയ പദ്ധതികള്‍ പ്രഖ്യപിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം. കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന നിലപാടുകളാണ് ഗഡ്ക്കരി സ്വീകരിച്ചത്. ഇതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്കുള്ള കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 72000 കിലോമീറ്റര്‍ സംസ്ഥാന പാതകളെ ദേശീയ പാതകളാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 19,000 കിലോമീറ്റര്‍ റോഡിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 53000 കിലോമീറ്റര്‍ ദേശീയ പാതയാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി. ഇതും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച ചെയ്യാതെയാണ് ഗഡ്ക്കരി തീരുമാനമെടുത്തത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗതാഗത വകുപ്പില്‍ 37,000 കോടി രൂപയുടെ കമ്മിയാണ് രേഖപ്പെടുത്തിയത്. ഒരു കിലോമീറ്റര്‍ രണ്ട് വരി ദേശീയപാതാ വികസനത്തിന് 11.5 കോടി രൂപയായിരുന്ന ചെലവ് ഇപ്പോള്‍ 12 കോടി രൂപയായി വര്‍ധിച്ചതാണ് ധനക്കമ്മി കൂടാനുള്ള മുഖ്യകാരണമെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. നാല് വരി പാതാ വികസനത്തിന് 30 കോടി രൂപയാണ് കിലോമീറ്റര്‍ ഒന്നിനുള്ള ചെലവ്. എന്നാല്‍ തങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഗഡ്ക്കരി അനുവദിച്ച റോഡുകളുമായി ബന്ധപ്പെട്ട അനുമതികള്‍ റദ്ദാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.

കേരളത്തിലെ ബി ജെ പി നേതൃത്വം തടസമായി നിന്നിട്ടും കേരളത്തിലെ ദേശീയ പാത വികസനത്തിന് ഗഡ്ക്കരി അനുകൂല നിലപാട് എടുത്തതും പ്രധാനമന്ത്രി മോഡിയുടെ നീരസത്തിനു കാരണമാണ്.

20-Aug-2019