ന്യൂഡല്‍ഹി: രണ്ടു മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകാൻ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സിബിഐ നോട്ടീസ്. ഐഎന്‍എക്‌സ് മീഡിയാക്കേസില്‍ ചിദംബരം നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെ സിബിഐ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ ചിദംബരം സ്ഥലത്തില്ലായിരുന്നു. തുടര്‍ന്നാണ് സിബിഐ രാത്രി പതിനൊന്ന് മണിയോടെ ചിദംബരത്തിന്റെ വീട്ടില്‍ നോട്ടീസ് ഒട്ടിച്ചത്. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് അഭിഭാഷകന്‍ മുഖേന ചിദംബരം ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് 10.30 ന് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. ഐഎന്‍എക്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയുണ്ട്.എന്നാൽ ഹൈക്കോടതിയുടെ നടപടി നീതിപൂര്‍വ്വമല്ലെന്നും, തെളിവുകള്‍ പരിശോധിച്ചിട്ടുള്ള നടപടിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ചിദംബരം ധനമന്ത്രിയിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്.