സിദ്ധരാമയ്യക്കെതിരേ കേസ്.

ബെംഗളൂരു:മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ഭൂമിയിടപാടിൽ കേസ്സെടുക്കണമെന്നു കോടതി. അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് കേസ്സ്. ബെംഗളൂരു  പ്രത്യേക കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.മൈസൂരു ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി സിദ്ധരാമയ്യ വീട് നിര്‍മിച്ചെന്നാരോപിച്ചായിരുന്നു ഹര്‍ജി. മൈസൂരു നഗരവികസന അതോറിറ്റി നിയമം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.കേസില്‍ ബിജെപി എംഎല്‍എ എസ്എ രാംദാസ്, മുന്‍ നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ജി മധുസൂദന്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

ക്രിമിനല്‍ കേസെടുക്കാനാണു  പോലീസിനോട് നിർദ്ദേശിച്ചിട്ടുള്ളത്.  കൂടാതെ  മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി. വസവഗൗഡ, ധ്രുവകുമാര്‍, കമ്മിഷണര്‍ പിഎസ് കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്. നിയമലംഘനം, തെറ്റായ രേഖകള്‍ ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, തെറ്റായ സത്യവാങ്മൂലം നല്‍കുക, നിയമവിരുദ്ധമായി ഭൂമി വാങ്ങുക, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കായിരിക്കും പോലീസ് ക്രിമിനല്‍ കേസ് ചുമത്തുക.കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23ന് കോടതിയില്‍ ഹാജരാകണം. സാമൂഹികപ്രവര്‍ത്തകന്‍ എ ഗംഗരാജു വാണ് ഹർജിക്കാരൻ

25-Aug-2019