ബംഗളുരു: കർണ്ണാടകയിൽ പുതുതായി അധികാരമേറ്റ യെദിയൂരപ്പസർക്കാരിന്റെ ഭാവി വീണ്ടും തുലാസിൽ. പാർട്ടിക്കകത്തുതന്നെ നടക്കുന്ന തർക്കങ്ങൾ മന്ത്രിസഭയുടെ ഭാവി തന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ട് അഞ്ചു ദിവസമായിട്ടും ഇത് വരെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തും അതൃപ്തിയുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത എം.എല്‍.എമാരും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ പിന്തുണക്കുന്നവരും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. ഇതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തർക്കങ്ങൾ എല്ലാം യെദ്യൂരപ്പ തന്നെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ വിശകലനം ചെയ്യാൻ വ്യാഴാഴ്ച ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യാനെത്തിയ യെദിയൂരപ്പയെ കാണാന്‍ അമിത് ഷാ തയ്യാറായില്ല. കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതില്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരും അതൃപ്തിയിലാണ്.
അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച വകുപ്പ് വിഭജനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് യെദിയൂരപ്പ അറിയിച്ചിട്ടുണ്ട്. സുപ്രധാനമായ വകുപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കരുതെന്ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം രമേഷ് ജര്‍ക്കിഹോളിക്കായി മാറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന പ്രതിഷേധം ബി.ജെ.പി പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുന്നില്ലായെങ്കിൽ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെദിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം കര്‍ണാടകയിൽ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെദിയൂരപ്പക്ക് പകരം പുതിയ നേതാവിനെ കൊണ്ടുവരാനുള്ള ആലോചനയും കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . അതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യത യെദിയൂരപ്പയുടേത് മാത്രമായി മാറിയിരിക്കുന്ന സ്ഥിതിയാണ്.