ചിദംബരത്തോടൊപ്പം ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസ്.

ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കൊണ്ഗ്രെസ്സ് നേതാവുമായ പി. ചിദംബരവും  മകന്‍ കാര്‍ത്തിക്കും ഉൾപ്പെട്ട ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറടക്കം ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരും കൂടി അന്വേഷണത്തിനു വിധേയരാകും. ദീപക് കുമാര്‍ സിങ്, ദുവ്വുരി സുബ്ബറാവു, പി.കെ ബഗ്ഗ,അശോക് ചൗള, സിന്ധുശ്രീ ഖുല്ലര്‍, അനുപ് കെ. പുജാരി എന്നിവരാണ് അന്വേഷണത്തിന് വിധേയരാകുന്ന ആറ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍.


2007- ൽ വിദേശ നിക്ഷേപത്തിന് ക്ലിയറന്‍സ് ലഭിക്കുന്നതിനായി ഐ.എന്‍.എക്‌സ് മീഡിയ എഫ്.ഐ.പി.ബിയെ സമീപിച്ചിരുന്നു.4.6 കോടി രൂപ വരുന്ന തങ്ങളുടെ 46 ശതമാനം ഓഹരി മൂന്ന് മൗറീഷ്യസ് സ്ഥാപനങ്ങള്‍ക്കു വില്‍ക്കുക, ഐ.എന്‍.എക്‌സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡില്‍ ‘ഡൗണ്‍സ്ട്രീം നിക്ഷേപം’ നടത്തുക എന്നിവയ്ക്കാണ് ഐ.എന്‍.എക്‌സ് മീഡിയ എഫ്.ഐ.പി.ബിയോട് ക്ലിയറന്‍സ് ആവശ്യപ്പെട്ടത്.ഇതില്‍ ഡൗണ്‍സ്ട്രീം നിക്ഷേപത്തിനുള്ള അപേക്ഷ തള്ളിയ എഫ്.ഐ.പി.ബി, ഓഹരി വിറ്റഴിക്കാനുള്ള അപേക്ഷ 2007-ലെ ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു.എന്നാല്‍ 4.62 കോടിയുടെ ഓഹരി വിറ്റഴിക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന മുഖര്‍ജിമാര്‍, 305 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് അനധികൃതമായി സ്വന്തമാക്കിയതെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും ആദായ നികുതി വകുപ്പും കണ്ടെത്തി. തുടര്‍ന്ന് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിടുകയായിരുന്നു.

 

27-Aug-2019