ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം. ഷഹ്ജാന്‍പൂരില്‍ നിയമവിദ്യാര്‍ഥിയെ കാണാനില്ലെന്നു പരാതി. സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഷഹ്ജാന്‍പൂരില്‍ നിയമവിദ്യാര്‍ഥിയെ കാണാതായതെന്നാണ് ആരോപണം.ചിന്മയാനന്ദ് ഡയറക്ടറായ എസ്.എസ് ലോ കോളജിലെ വിദ്യാര്‍ഥിയെയാണ് കാണാതായത്.
ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പെണ്‍കുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് കോളജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. ചിന്മയാനന്ദിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നാലുദിവസമായി മകളെ കാണാതായിരിക്കുകയാണ്. ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ തനിക്ക് എന്തെങ്കിലും അപകടമുള്ളതായി കണക്കാക്കണമെന്ന് പെണ്‍കുട്ടി നേരത്തെ വീട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താൻ സ്വാമി ചിന്മയാനന്ദിനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. രക്ഷാ ബന്ധന്‍ ദിവസം വീട്ടില്‍ വന്നപ്പോള്‍ പെണ്‍കുട്ടി ആകെ പേടിച്ചതുപോലെ തോന്നിയിരുന്നെന്ന് പിതാവ് പറയുന്നു. സ്വമി ചിന്മയാനന്ദ് ഇതാദ്യമല്ല പീഡനക്കേസുകളില്‍ പ്രതിയാകുന്നത്. മുൻപ് രണ്ടായിരത്തിപ്പതിനൊന്നിൽ ബദിയൂന്‍ ജില്ലക്കാരിയായ യുവതിയുടെ പരാതിയില്‍ നവംബറില്‍ ഷാജഹാന്‍പുരിലെ സദര്‍ പൊലീസ് സ്റ്റേഷനില്‍ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വാമിയും ഗുണ്ടകളും ചേര്‍ന്ന് തന്നെ ആശ്രമത്തില്‍ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഈ അതിക്രമം പുറംലോകം അറിയാതിരിക്കാന്‍ തന്നെ ആശ്രമത്തില്‍ തടവില്‍ പാര്‍പ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പിന്നീട് ഈ കേസ് പിന്നീട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവര്‍ഷം പിന്‍വലിക്കുകയായിരുന്നു.