കശ്മീര്‍ വിഷയം, അതിർത്തി സംഘർഷത്തിൽ.

കശ്മീർ: കശ്മീര്‍ വിഷയത്തിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാത അടച്ചു. മൂന്ന് വ്യോമപാതകളാണ് അടച്ചിരിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം പാക് കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. വ്യോമപാതകൾ ഓഗസ്റ്റ് 31 വരെ വരെ അടച്ചിടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പാക് ആകാശത്ത് ഇന്ത്യയ്ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ആലോചിക്കുന്നതായി പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവദ് ചൗധരി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് റൂട്ടുകളെ പാകിസ്ഥാന്റെ നീക്കം പ്രതികൂലമായി ബാധിക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കൂടാതെ അഫ്ഗാനിസ്ഥാനിലേക്ക് പാക് റോഡ് വഴിയുള്ള വ്യാപാര ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പാകിസ്ഥാന്‍ ആലോചിക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ബലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് നേരത്തെ പാക് ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി മധ്യത്തോടെയാണ് നീക്കിയത്. ഇതിലൂടെ എയര്‍ ഇന്ത്യയ്ക്ക് 430 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വ്യോമയാന അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യോമപാത അടച്ചതിലൂടെ പാകിസ്ഥാനും വന്‍ നഷ്ടം നേരിട്ടിരുന്നു. കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്എസ്ജി) കമാന്‍ഡോകളെ വിന്യസിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ടുണ്ട് , നിയന്ത്രണരേഖയ്ക്ക് സമീപം നൂറിലധികം കമാന്‍ഡോകളെ വിന്യസിച്ചിരിക്കുന്നതായാണ് വിവരം. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍വന്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എസ്എസ്ജി കമാന്‍ഡോകളെ ഗുജറാത്തിലെ ഇന്ത്യാ പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള സര്‍ ക്രീക്ക് ഏരിയയിലും സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഭീകരരെ ഉപയോഗിച്ചുള്ള കമാന്‍ഡോ ഓപ്പറേഷനാണ് പാക് സൈന്യം പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തല്‍.പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഈ കമാന്‍ഡോകളെന്നാണ് സൈന്യം പറയുന്നത്. പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്‌വരയില്‍ ജെയ്‌ഷെ മുഹമ്മദ് അഫ്ഗാന്‍ വംശജരായ 12 ഭീകരരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഈ കമാന്‍ഡോകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്.

കശ്മീരില്‍ പ്രശ്നത്തിൽ പാകിസ്ഥാന് കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ലന്നും , കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള നീക്കങ്ങളാണ് ഇവയെന്നും പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവദ് ചൗധരി പറഞ്ഞിരുന്നു . കശ്മീരിന്റെ പ്രത്യേക പദവി റദ്ദാകിയതോടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പാകിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് പുറമെ ഇന്ത്യയുടെ പാക് സ്ഥാനപതിയെയും പുറത്തക്കിയിരുന്നു.

29-Aug-2019