ന്യൂ ഡൽഹി: പത്തു വർഷം കൂടുമ്പോൾ ജീവനക്കാരുടെ വേതനവർധന ഉറപ്പാക്കുന്ന കേന്ദ്ര ശമ്പളക്കമ്മീഷൻ നിർത്തലാക്കാൻ കേന്ദ്രം ആലോചിക്കുന്നു. ഇനിമുതൽ പ്രവർത്തനമികവിന്റെയും പണപ്പെരുപ്പത്തിന്റെയും അടിസ്ഥാനത്തിൽ ശമ്പളം പരിഷ്കരിക്കുമെന്നാണ് കേന്ദ്രവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വേതനം വെട്ടിക്കുറക്കലാണ് ഇതിനു പിന്നിലുള്ള ലക്‌ഷ്യം. ശമ്പള പരിഷ്‌ക്കരണം നിർത്തലാക്കിയാൽ ക്ഷമബത്ത പഴയ അടിസ്ഥാന ശമ്പളത്തിലാകും കണക്കാക്കുക .ഇതിനാൽ അടിസ്ഥാന ശമ്പളം പരിഗണിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും കുറയും.
ജോലിമികവിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളവര്ധധന സർക്കാർ വകുപ്പുകളിൽ പ്രായോഗികമല്ല. മേലുദ്യോഗസ്ഥന്റെ ശുപാർശയുടെ പേരിലുള്ള ശമ്പള വർദ്ധനവ് വിവേചനത്തിനും ഇടയാക്കും. കൂടാതെ പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കം. കഴിഞ്ഞ അഞ്ചു മാസങ്ങൾക്കുള്ളിൽ താഴ്ന്ന തസ്തികയിലുള്ള ആയിരത്തി എൺപത്തി മൂന്നുപേരെ ഇപ്പോൾ തന്നെ പിരിച്ചുവിട്ടതായി സർക്കാർ രേഖകൾ ഉണ്ട്. ഇതോടെ സര്ക്കാര് ജോലിക്കാരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നു വേണം കരുതാൻ.