വീണ്ടും കൈയ്യൊഴിഞ്ഞ് കേന്ദ്രം.

ന്യൂഡല്‍ഹി: പ്രതിരോധത്തിനും പൊലീസ് ഉള്‍പ്പെടെയുള്ള ആഭ്യന്ത സുരക്ഷയ്ക്കുമുള്ള ചെലവുകള്‍ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ തീരുമാനം. പ്രതിരോധ വിഹിതം അതാത് സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മിഷന്‍ നിശ്ചയിക്കുന്ന കേന്ദ്ര വിഹിതത്തില്‍ ഉള്‍പ്പെടുത്തി കുറവ് വരുത്താനാണ് തീരുമാനം.ജൂലൈ ഇരുപത്തിയൊൻപതിനാണ് ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന മോഡി സര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിരോധ ആഭ്യന്തര സുരക്ഷാ ചെലവുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണ് ഇതുവരെ വന്നിരുന്നത്. എന്നാൽ ഇതില്‍ മാറ്റം വരുത്തി അതാത് സംസ്ഥാനങ്ങള്‍ വഹിക്കുന്നതിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്തണമെന്നാണ് പതിനഞ്ചാം ധനകാര്യകമ്മിഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയുള്ള രാഷ്ട്രപതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങളും പ്രതിരോധ, ആഭ്യന്തര സുരക്ഷാ ചെലവുകളിലേയ്ക്ക് തുക വകയിരുത്തണം. ഇത് സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മിഷന്‍ വകയിരുത്തുന്ന തുകയില്‍ നിന്ന് ആനുപാതികമായിരിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കേന്ദ്ര വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകും.

കേന്ദ്ര വരുമാനത്തില്‍ നിന്ന് നാൽപ്പത്തി രണ്ടു ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് പതിനാലം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ അധിക നികുതി വിഹിതവും മറ്റും വെട്ടിക്കുറച്ച് തുക നല്‍കുമ്പോള്‍ ഫലത്തില്‍ മുപ്പത്തിരണ്ട് ശതമാനം പോലും പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നില്ല. ഇതിന്റെ കൂടെയാണ് പ്രതിരോധ ചെലവുകള്‍ക്കുള്ള വിഹിതം സംസ്ഥാന വിഹിതത്തില്‍ നിന്ന് ഉപയോഗിക്കണമെന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമുണ്ടായിരിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസനത്തെ സാരമായി ബാധിക്കും. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം പ്രതിരോധവും ആഭ്യന്തര സുരക്ഷയും കേന്ദ്ര പട്ടികയിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രപതിയുടെ ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ ഇത് കണ്‍കറന്റ് ലിസ്റ്റിലേയ്ക്ക് മാറ്റണം. ഇതിന് സ്വാഭാവികമായി തന്നെ നിരവധി പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്ത് കൈക്കൊള്ളേണ്ട തീരുമാനമാണെന്നതിന് പുറമേ ഇത്തരം വിഷയങ്ങള്‍ ധനകാര്യകമ്മിഷന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന പ്രത്യേകതയുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്രം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

31-Aug-2019