അടിയന്തരധനസഹായമായ പതിനായിരം രൂപ ഇന്നുമുതൽ

തിരുവനന്തപുരം: പ്രളയ ദുരിത ബാധിതർക്ക്  സർക്കാരിന്റെ  അടിയന്തരധനസഹായമായ പതിനായിരം രൂപ ഇന്നുമുതല്‍ ലഭിച്ചു തുടങ്ങും. ഏഴായിരത്തി  ഒൻപതു കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7.90 കോടിരൂപ കൈമാറി. പരമാവധി വേഗത്തില്‍ മുഴുവന്‍പേര്‍ക്കും ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവർക്കാണ് ആദ്യഘട്ട സഹായമെത്തിക്കുന്നത്.  എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് ധനസഹായവിതരണം നടത്തുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട് .

ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറി താമസിച്ച കുടുംബങ്ങള്‍ക്കും ഇത്തവണ അടിയന്തര ധനസഹായമുണ്ട്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞ തവണ നല്‍കിയതു പോലെ സഹായം ലഭ്യമാക്കും. മത്സ്യകൃഷിയുടെ നാശം, കൃഷിനാശം, കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും നാശം, റോഡുകള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണം എന്നിവക്കും കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡ പ്രകാരം പണം നല്‍കും. , കോട്ടയം , ആലപ്പുഴ ജില്ലകളിൽ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ധനസഹായം നല്‍കും.

03-Sep-2019