വിചാരണക്കനുമതിയില്ല.

ന്യൂഡല്‍ഹി: രണ്ടായിരത്തിപ്പതിനാറിൽ കനയ്യകുമാറിനെതിരെ ചുമത്തിയ ദേശദ്രോഹക്കേസിന്റെ വിചാരണയ്ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ അനുമതിയില്ല.എഐഎസ്എഫ് നേതാവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായിരുന്നു സമയത്തു കനയ്യകുമാറിനെതിരെ ചുമത്തിയ ദേശദ്രോഹക്കേസിന്റെ കാര്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.സര്‍വകലാശാല കാമ്പസില്‍ നടന്ന സംഭവത്തിലാണ് കനയ്യകുമാര്‍, ഉമര്‍ഖാലിദ് തുടങ്ങിയ പത്ത് പേര്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്.വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ നടത്തിയ പരിപാടി ദേശദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഡല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിഗമനമെന്നും അതുകൊണ്ട് വിചാരണയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജെഎന്‍യുവില്‍ നടന്ന പരിപാടിക്കിടെ കനയ്യയും മറ്റുള്ളവരും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കേസ്. എന്നാൽ കേസിന് അനുബന്ധമായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ദുര്‍ബലവും പഴുതുകള്‍ നിറഞ്ഞതുമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ (ക്രിമിനല്‍) രാഹുല്‍ മെഹ്‌റയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാടെടുത്തതെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നു. കുറ്റപത്രത്തില്‍ പേരുള്ള എല്ലാവരും വിദ്യാര്‍ഥികളാണെന്നതിനാല്‍ അവര്‍ക്കെതിരെ വിചാരണ നടപടികള്‍ കൈക്കൊള്ളുന്നത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഈ നിലപാട് സർക്കാർ എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.കേസെടുത്ത് മൂന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ നിലപാടിലെത്തിയിരിക്കുന്നത്. കേസ് ദേശദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും പത്തുപേര്‍ക്കുമെതിരെ ചുമത്തിയ 124എ വകുപ്പ് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ കടന്നാക്രമണമോ മറ്റ് അക്രമസംഭവങ്ങളോ നടത്തിയതിന് വ്യക്തമായ തെളിവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുള്ളതായി ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റാരോപിതരായവര്‍ക്ക് സംഘര്‍ഷമുണ്ടാക്കുകയോ കുഴപ്പങ്ങളുണ്ടാക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും വിളിച്ചതായി പറയുന്ന മുദ്രാവാക്യങ്ങള്‍ പരമാധികാരത്തിനെതിരായതാണെന്ന് തെളിയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കുന്നു.കേസിന്റെ വിചാരണയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് നേരത്തേ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്.
അടുത്ത പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും.

06-Sep-2019