ബി.ജെ.പി നേതാക്കളെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന് വിമത എം.എല്‍.എമാര്‍.

ബംഗളുരു: യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കിയതിനു ശേഷം ബി.ജെ.പി നേതാക്കളെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍. യെദ്യൂരപ്പ സര്‍ക്കാറിനെ അധികാരത്തിലേറ്റാൻ വേണ്ടിയാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്ന് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയെ സഹായിച്ചത്. വിപ്പ് ലംഘിച്ചതിന്  അന്നത്തെ നിയമസഭ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അക്കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. സുപ്രീം കോടതി എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കേസ് പെട്ടെന്ന് കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ ഇവരുടെ ഭാവി പരിപാടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇതിനിടെ കോടതി നടപടിയെക്കാളും ഇവരെ വിഷമത്തിലാക്കിയിരിക്കുന്നതു ബി.ജെ.പി ദേശീയ നേതാക്കള്‍ ഇവരോട് ഇപ്പോള്‍ പുലർത്തുന്ന  സമീപനമാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ദേശീയ നേതാക്കൾക്ക്  പൂര്‍ണ്ണ ശ്രദ്ധയും കൂടിക്കാഴ്ചക്കുള്ള അവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ ഇപ്പോള്‍, അവരെ കാണാന്‍ പോലും അനുവാദം കിട്ടാറില്ലെന്നും എം എൽ എ മാർ  പരാതിപ്പെടുന്നു. ഒന്നിലും തീരുമാനാവാത്ത സ്ഥിതിക്ക് കൂടുതൽ അഭിഭാഷകരെ നിയമിച്ച് സുപ്രീം കോടതിയെ സമീപിക്കാനാണ് വിമതരുടെ ഇപ്പോഴത്തെ തീരുമാനം.

14-Sep-2019