മുഞ്ചിറമഠം കൈയ്യേറ്റം , ആർ എസ് എസ്സിനെതിരെ വൻ പ്രതിഷേധം.

തിരുവനന്തപുരം: ആർ എസ് എസ്സിന്റെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ മുഞ്ചിറമഠം കൈയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം. ഇതിനെതിരെ നിരാഹാരസമരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർഥയെ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം സന്ദർശിച്ചു. തഹസിൽദാർ നൽകിയ റിപ്പോർട്ട് പ്രകാരം ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മുഞ്ചിറമഠത്തിന്റെ പേരിലാണുള്ളത്. കെട്ടിടത്തിന്റെ രേഖകൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലും. ഇവിടെയാണ് ആർഎസ് എസുകാർ ഭൂമി കൈയേറി നിലവിൽ അനന്തശായി ബാലസദനം അനധികൃതമായി നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്. ആറു ദിവസമായി നിരാഹാരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയെ കലക്ടറുടെ ചുമതലയുള്ള എഡിഎം വി ആർ വിനോദ്, തഹസിൽദാർ ജി കെ സുരേഷ് ബാബു, വില്ലേജ് ഓഫീസർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും  ആവശ്യപ്പെട്ടതായി സംഘം അറിയിച്ചു. കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സംഘം സ്വാമിയെ അറിയിച്ചു.

ചാതുർമാസ പൂജ നടത്തേണ്ട സ്ഥലം വർഷങ്ങൾക്കുമുമ്പേ ആർഎസ്‌എസ്‌ കൈയേറിയിരുന്നു. ഇത്‌ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട്‌ പുഷ്‌പാഞ്ജലി സ്വാമി നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഒന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച രാവിലെ മുതൽ അദ്ദേഹം സമരം ആരംഭിച്ചത്‌. കൂടാതെ ആർ എസ് എസ് കാർ നിരന്തരമായി ഭീഷണികൾ ഉയർത്തുകയാണെന്നും സ്വാമി പരാതിയിൽപ്പറയുന്നു. കേരളത്തിലെ 48 ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിന് കാർത്തികതിരുനാൾ രാജാവ് 1789 ൽ നൽകിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. 1992 വരെ മഠാധിപതിയുണ്ടായിരുന്നു. നിലവിലെ സ്വാമിയാർ 2016 ലാണ് അവരോധിതനായത്. ബാലസദനത്തിന്റെ പ്രവർത്തനത്തിന് മറ്റൊരു സ്ഥലം നൽകാനും ആവശ്യമായാൽ അന്തേവാസികളെ സംരക്ഷിക്കാനും മഠം തയ്യാറാണെന്ന് സ്വാമിയാർ അറിയിച്ചു. എന്നിട്ടും ചാതുർമാസ പൂജ നടത്താൻ സ്ഥലം ഒഴിഞ്ഞുകൊടുത്തില്ല. പൂജ നടത്തുന്ന സമയത്ത്‌ സ്വാമിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.


ആർഎസ്‌എസിന്റെയും സേവാഭാരതിയുടെയും മുതിർന്ന നേതാക്കളുൾപ്പെടുന്ന  സംഘമാണ് സ്വാമിയേ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ജൂലായില്‍ രണ്ട്മാസം നീളുന്ന ചാതുര്‍മാസ വൃതം ജൂലായ് 16 ന് പുഷ്പാഞ്ജലി സ്വാമി മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള മഠത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനന്തശായി ബാലസദനത്തിന്റെ പ്രവര്‍ത്തകര്‍ അതിന് സമ്മതിച്ചില്ല.തുടര്‍ന്ന് കെട്ടിടത്തിന് പുറത്തിരുന്ന് സ്വാമി വ്രതത്തിന്റെ ഭാഗമായ പൂജ നടത്തി. മറ്റ് ദിവസങ്ങളില്‍ താമസസ്ഥലത്താണ് വ്രതമനുഷ്ഠിച്ചത്. ഈ മാസം 17-ന് ആണ് വ്രതം അവസാനിക്കുന്നത് .

മൂഞ്ചിറ മഠത്തിൽ പരമ്പരാഗതമായി പൂജിച്ചു വരുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം കാണാതായിട്ടുണ്ട് . ഇത് ആർ എസ് എസുകാർ വിൽപ്പന നടത്തിയെന്നാണ് പറയപ്പെടുന്നത്. ചിലർ പറയുന്നത് ആ വിഗ്രഹം നാഗ്പൂരിലെ ആർ എസ് എസിന്റെ കേന്ദ്രീയ കാര്യാലയത്തിലേക്ക് കടത്തി എന്നാണ്. മഠം തിരിച്ചുകിട്ടിയില്ലെങ്കിൽ സമാധിയാകുന്നതുവരെ നിരാഹാരം കിടക്കുമെന്ന് സ്വാമി പറയുന്നു.

14-Sep-2019