ഇബ്രാഹിം കുഞ്ഞിന്റെ പങ്കു വെളിപ്പെടുത്തി സൂരജ്.

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കു വെളിപ്പെടുത്തി കേസിലെ നാലാം പ്രതിയും മുൻ പൊതുമരാമത്ത് വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഗുരുതര ആരോപണവുമായി ടി ഒ സൂരജ് രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നു. പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയത്. മുന്‍കൂര്‍ പണത്തിന് ഏഴു ശതമാനം പലിശ ഈടാക്കാന്‍ താനാണ് ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും സൂരജ് പറയുന്നു. പലിശയില്ലാതെ പണം നൽകാനാണ് മന്ത്രി ഉത്തരവിട്ടിരുന്നതെന്നും സൂരജ് പറഞ്ഞു.

പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്ന പേരിലാണ് തന്റെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനാമെടുത്തത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണ്. 8.25 കോടി രൂപ കരാര്‍ കമ്പനിക്ക് മുന്‍കൂറായി നൽകണമെന്നായിരുന്നു മന്ത്രി ഒപ്പിട്ടിരിക്കുന്ന ഫിയലിൽ പറഞ്ഞിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സൂരജിന്റെ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.


ജുഡീഷല്‍ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സൂരജിന്റെ ജാമ്യഹര്‍ജി കോടതി ഇന്നു പരിഗണിക്കും.

18-Sep-2019