എന്തുകൊണ്ട് ഇടതുപക്ഷം

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാരും ഇത്രമേല്‍ ജനകീയമായിട്ടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ കൂടെ, അവരുടെ ക്ഷേമത്തിന് വേണ്ടി നിലകൊണ്ട പിണറായി വിജയന്‍ സര്‍ക്കാരിനെ പാല മണ്ഡലത്തിലെ ജനങ്ങള്‍ എങ്ങിനെ മനസിലാക്കാതിരിക്കും?

സംസ്ഥാനത്ത് 53,04,092 പേര്‍ക്കാണ് പ്രതിമാസം 1200 രൂപ പെന്‍ഷന്‍ ലഭിക്കുന്നത്. ഇതില്‍ 46,47,616 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും, 6,56,476 പേര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ 33,71,806 ആയിരുന്നു. ക്ഷേമനിധി പെന്‍ഷന്‍കാര്‍ 2,12,080ഉം. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ പുതിയതായി ചേര്‍ത്തത് 17,20,206 പേരെയാണ്.

എല്‍ ഡി എഫ് സര്‍ക്കാര്‍ ചുമതലയേറ്റ് ഇതുവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ 12,75,810 പേര്‍ പുതുതായി അംഗങ്ങളായി. 16 തൊഴില്‍ മേഖലകളില്‍പ്പെട്ട 4,44,396 പേരാണ് സര്‍ക്കാര്‍ സഹായത്തോടെയുള്ള ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി അംഗങ്ങളായത്. പെന്‍ഷന്‍ ഇനത്തില്‍ ഈ സര്‍ക്കാര്‍ ഇതുവരെ ആകെ നല്‍കിയത് 18141.18 കോടി രൂപയാണ്.

യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് പെന്‍ഷന്‍ 12 മുതല്‍ 15 മാസംവരെ കുടിശികയായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യ ഓണത്തിനുതന്നെ കുടിശിക 1477.92 കോടി രൂപ അടക്കം, അന്നേവരെയുള്ള എല്ലാ പെന്‍ഷനും വിതരണം ചെയ്തു. 15,000 രൂപയില്‍ കുറയാത്ത തുകയാണ് ഓരോ കൈകളിലുമെത്തിയത്. സര്‍ക്കാരിന്റെ ആദ്യവര്‍ഷം 4144.71 കോടി രൂപ വിതരണം ചെയ്തു.

2017ല്‍ 5029.66 കോടി രൂപ, 2018ല്‍ 5308.27 കോടി രൂപ, 2019 ജൂലൈവരെ 4136.44 കോടി രൂപ എന്നിങ്ങനെ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത് ഖജനാവ് നിറഞ്ഞുകവിഞ്ഞിരിക്കുന്നത് കൊണ്ടല്ല. ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ടാണ്.

പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുമെന്നത് എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. അത് ആദ്യവര്‍ഷം തന്നെ നടപ്പാക്കി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ 600 രൂപ പെന്‍ഷന്‍ 2016ല്‍ 1000 രൂപയായി ഉയര്‍ത്തി. 2017ല്‍ 1100 രൂപ, 2018ല്‍ 1200 കോടി രൂപ എന്നിങ്ങനെ ഉയര്‍ത്തി. വിതരണത്തിലെ പോരായ്മ പരിഹരിക്കുക, കുടിശികയില്ലാതാക്കി പ്രതിമാസം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പ് വിജയത്തിലേക്ക് എത്തുന്നു.

യു ഡി എഫ് കാലത്തു വല്ലപ്പോഴും പോസ്റ്റാഫീസുവഴി മണിയോഡറായി എത്തിരുന്ന പെന്‍ഷന്‍ അര്‍ഹരുടെ കൈകളിലെത്താന്‍ ഒന്നു രണ്ടും മാസംവരെ കാത്തിരികേണ്ട അവസ്ഥയായിരുന്നു. ഇതിന് മാറ്റം വരുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍, സഹകരണ സംഘങ്ങള്‍വഴി നേരിട്ടും, ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ എത്തിച്ചു.

24,27,716 പേര്‍ക്കാണ് ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ ലഭ്യമാകുന്നത്. 22,19,900 പേര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും പെന്‍ഷന്‍ കൃത്യമായി ലഭ്യമാകുന്നു. വിതരണം തീരുമാനിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കി. ഇതിനായി കേരള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ മനോഭാവത്തിന്റെ കൂടെയല്ലേ ഒരു ജനത നില്‍ക്കേണ്ടത് ? പാലയിലെ ജനങ്ങളോട് കേരളം ചോദിക്കുന്നത് ഈ ചോദ്യമാണ്.

 

 

20-Sep-2019