നരേന്ദ്രമോഡിക്ക് എതിരെ പ്രതിഷേധം.

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ ഹൂസ്റ്റണില്‍ പ്രതിഷേധം. ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എജെഎ) യുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം. ഹിന്ദു, മുസ്ലീം, ദലിത്, സിഖ്, ക്രിസ്ത്യന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എജെഎ. കൂടാതെ വിവിധ മനുഷ്യാവകാശ – സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്. .

മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ അജണ്ട തുറന്നുകാട്ടുകയെന്ന ലക്ഷ്യം മാത്രമാണ് തങ്ങളുടെ പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസ്താവനയില്‍വ്യക്തമാക്കുന്നു.
ഹിന്ദുമതത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല , അതിനാലാണ് തങ്ങളുടെ സംഘടന പ്രതിഷേധത്തില്‍ ചേരുന്നതെന്ന് എച്ച്എഫ്എച്ച്ആര്‍ സഹസ്ഥാപക സുനിത വിശ്വനാഥ് പറഞ്ഞു. നിരവധി അതിക്രമങ്ങള്‍ നടത്തിയതിന് കൂട്ടുനിന്ന വ്യക്തിയെന്ന നിലയിലാണ് പ്രധാനമന്ത്രി മോഡി ഹൂസ്റ്റണിലെത്തുന്ന ദിവസം പ്രതിഷേധംസംഘടിപ്പിക്കുന്നതെന്ന് ഹൂസ്റ്റണിലെ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ആഷ്ടണ്‍ പി. വുഡ്‌സ് പറഞ്ഞു. നിരവധി പ്രശ്നങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളെ വിശദമായി പ്രതിപാദിച്ചാണ് എജെഎയും മറ്റ് സമാൂഹ്യപ്രവര്‍ത്തകരും മോഡിക്കെതിരായ പ്രതിഷധേത്തെ ന്യായീകരിക്കുന്നത്. കശ്മീരികളെ തടവിലാക്കിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സ്ഥിതിവിശേഷം, ആള്‍ക്കൂട്ട അതിക്രമങ്ങളുടെ വര്‍ധന, അസമിലെ പൗരത്വ പട്ടികയുടെ പേരിലുള്ള പീഡനങ്ങള്‍ എന്നിവയെല്ലാം പരാമര്‍ശ വിഷയങ്ങളായിട്ടുണ്ട്. ഇതിന് പുറമേ കശ്മീരികളും സിക്കുകാരും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചുന്നു.

ഇന്ത്യസമയം തിങ്കളാഴ്ച പുലര്‍ച്ചെയാകും പ്രതിഷേധം നടക്കുക.

22-Sep-2019