ലഖ്‌നൗ: ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിങ്ങിന് പ്രത്യേക കോടതിയുടെ സമന്‍സ്. ബാബറി മസ്ജിദ് തകര്‍ത്ത കേസിലാണ് നടപടി. സെപ്റ്റംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതി കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചു. ഈ മാസം ആദ്യം രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കല്യാണ്‍ സിങ്ങിന് കോടതി സമന്‍സ് നല്‍കിയിരിക്കുന്നത്. കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒമ്പതിന് സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു എന്നാൽ ഈ സമയത്ത് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു കല്യാണ്‍ സിങ്ങ്. ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോൾ ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് കല്യാണ്‍ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നത്.
ബിജെപിയുടെ മറ്റു മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമ ഭാരതി എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.