54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം ലഭിച്ചിരിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പന്‍. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ പിന്തുണച്ച എല്ലാ വിഭാഗം ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. ബിഡിജെഎസിന്റെയും ജനപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചുകൊടുത്തതുകൊണ്ടാണ് ഭൂരിപക്ഷം പതിനായിരത്തില്‍ എത്താതിരുന്നത്. ചിട്ടയായ എല്‍ഡിഎഫിന്റെ പ്രചരണവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലും വിജയത്തിന് കാരണമായിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.
മൊത്തമുള്ള 13 പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടാന്‍ കഴിഞ്ഞത്. യു ഡി എഫ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയിലും എല്‍ ഡി എഫ് ലീഡ് നേടിയെന്നതാണ് സവിശേഷത.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡിലേക്ക് കുതിച്ച മാണി സി കാപ്പന്‍ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോയില്ല. ഇടയ്ക്ക് ലീഡ് 4000 വോട്ടിന് മുകളിലെത്തിയിരുന്നു.