പാലായിലെ മാണി സി കാപ്പന്റെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് കോട്ട തകര്‍ന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടിരിക്കുകയാണ്. ഏതു സാഹചര്യത്തിലും ജയിക്കാന്‍ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു 33,000ല്‍ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എല്‍ ഡി എഫ് വിജയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനില്‍ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
യു ഡി എഫിന്റെ അടിത്തറ തകര്‍ന്നു, സംഘടന ശിഥിലമായി. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാലായിലെ ഫലം പ്രതിഫലിക്കും. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണം. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കണമെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷ മുന്നണിയുടെ അടിത്തറ കേരളത്തില്‍ ഭദ്രമാണ്. എക്‌സിറ്റ് പോളുകള്‍ക്കു നേര്‍വിപരീതമായ ഫലമാണു പുറത്തുവന്നത്. യു ഡി എഫിന്റെ വന്‍ തോക്കുകള്‍ പാലാ കേന്ദ്രീകരിച്ചു ദിവസങ്ങളോളം പ്രവര്‍ത്തിച്ചെങ്കിലും വിലപ്പോയില്ല. ബി ജെ പിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യു ഡി എഫ് രക്ഷപ്പെട്ടില്ല. ബി ജെ പിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്നു ബി ജെ പിക്കാരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അയാളെ ബി ജെ പി പുറത്താക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പാലാ ഉപതെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ജനവിധിയാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.