കേരള കോണ്‍ഗ്രസിനെതിരെ രോഷം

പാലായിലെ തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകകക്ഷി നേതാക്കള്‍ രംഗത്തെത്തി. തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്‍വന്‍ഷന്‍ മുതല്‍ എല്ലാം അലങ്കോലപ്പെടുത്തിയിട്ട്, ജനങ്ങള്‍ വിഡ്ഢികളെന്ന് കരുതരുതെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. പിജെ ജോസഫിനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ കൂകി വിളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

എന്ത് തമ്മിലടി നടത്തിയാലും പുതിയ വോട്ടര്‍മാര്‍ സഹിക്കുമെന്ന അഹന്ത തിരുത്താനുള്ള മുന്നറിയിപ്പെന്ന് പന്തളം സുധാകരന്‍ പറഞ്ഞപ്പോള്‍ അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു. രണ്ടിലയ്ക്കായുള്ള തമ്മിലടി മുതല്‍ അനിശ്ചിതത്വത്തില്‍ നിന്നുകൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തര്‍ക്കം മൂത്തതോടെ സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം നഷ്ടമായിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സത്യസന്ധമായ പരിശോധന ആവശ്യമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഇടതുപക്ഷ മുന്നണി പോലും ആത്മവിശ്വാസത്തോടെയല്ല മുന്നോട്ട് പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

28-Sep-2019