ഡല്‍ഹി:മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്ന വിജയ താഹില്‍രമാനി സെപ്റ്റംബര്‍ ആറിന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും രാജി വച്ചിരുന്നു. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍രമാനിയായിരുന്നു.അനധികൃത നടപടികളുടെ പേരിലുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചെന്നൈയില്‍ നാല് കോടി വിലമതിക്കുന്ന രണ്ട് ആഡംബര ഫ്‌ളാറ്റുകൾ താഹില്‍രമണി വാങ്ങിയിരുന്നു. ഇതിനെ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട് . ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ താഹില്‍രമാനിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമാണ് ഇതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ ഇതും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിൻറെ തുടർച്ചയാണെന്നു വേണം കരുതാൻ.