കൊച്ചി:കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ നേതാക്കൾക്കെതിരെ മുതിര്‍ന്ന നേതാവ് കെ ശങ്കരനാരായണന്‍. ചില നേതാക്കള്‍ ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ വി തോമസിനെ വേദിയിലിരുത്തിയായിരുന്നു ശങ്കരനാരായണന്റെ രൂക്ഷവിമർശനം. യുഡിഎഫിന്റെ എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കളും വിളറി.
എത്ര പ്രമാണിയാണെങ്കിലും അധികാരത്തോടുള്ള ആര്‍ത്തി അംഗീകരിക്കാനാവില്ല. തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട് , എറണാകുളത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം ,ഇനി ഇവിടുത്തെ സ്ഥാനാര്‍ഥി വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനമായാലും മതി അങ്ങനെ പലതും ‘ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാവാം എന്നാല്‍ ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയുള്ള ആര്‍ത്തി അപകടമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ സീറ്റിനായി അവസാന നിമിഷം വരെ കെ വി തോമസ് പരിശ്രമിച്ചിരുന്നു. എന്നാൽ മറുപടി പ്രസംഗത്തിൽ കെ വി തോമസ് ശങ്കരനാരായണനെ പുകഴ്ത്തിയാണ് സംസാരിച്ചത് .