മോഡി ഭരണത്തിൽ കോർപറേറ്റുകൾക്ക് നല്ല കാലം .

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മോഡി ഭരണത്തിൽ കോർപറേറ്റുകൾക്ക് നല്ല കാലം. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിൽ തുടരുമ്പോഴാണ് കുത്തക മുതാളിമാരുടെ ഈ നല്ല കാലം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അംബാനിയുടെ ആസ്തി നൂറ്റിപ്പതിനെട്ടു ശതമാനം വർധിച്ചു. രണ്ടായിരത്തിപ്പതിനാലിൽ 1.68 ലക്ഷം കോടി രൂപയായിരുന്ന  മുകേഷ് അംബാനിയുടെ ആസ്തി 3.65 ലക്ഷം കോടി രൂപയായി വർധിച്ചു. 2014ൽ 50,004 കോടി രൂപ ആയിരുന്ന അദാനിയുടെ  ആസ്തി ഇപ്പോൾ 1.1 ലക്ഷം കോടി രൂപയായി വർധിച്ചു, ആസ്തി വർധന 121 ശതമാനമാണ്.സ്വകാര്യ മേഖലയിലെ കോട്ടക് മഹീന്ദ്രാ ബാങ്ക്, കോട്ടക് ഫിനാൻഷ്യൽ സർവീസസ് എന്നീ സ്ഥാപനങ്ങളുടെ ആസ്തിയിലും ഗണ്യമായ വർധനയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ഡൽഹിയിൽ എത്തിയതോടെ അഡാനിയുടെ ആസ്തിയിൽ കാര്യമായ വാർദ്ധനവുണ്ടായത്.

എന്നാൽ പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.ഫോബ്സ് മാസികയുടെ പട്ടികയിൽ 2014ൽ ഇന്ത്യാക്കാരായ ധനികരിൽ പതിനൊന്നാം സ്ഥാനത്തായിരുന്ന അഡാനി 2019ൽ രണ്ടാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. രാധാകൃഷ്ണൻ ദമാനിയുടെ ഉടമസ്ഥതയിലുള്ള ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഡി മാർട്ട്, അവന്യൂ സൂപ്പർ മാർക്കറ്റിങ്സ് എന്നീ സ്ഥാപനങ്ങളുടെ വരുമാനം 2.7 ബില്യൺ ഡോളറായി വർധിച്ചു. 2014ൽ വരുമാനം 7100 കോടി രൂപ ആയിരുന്നു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസിലർ മിത്തൽ ഉടമ ലക്ഷ്മി മിത്തലിന്റെ ആസ്തിയിൽ 34 ശതമാനം വർധന രേഖപ്പെടുത്തി. ആദിത്യ ബിർലാ ഗ്രൂപ്പിന്റെ ആസ്തിയിൽ നാല് ശതമാനം വർധന മാത്രമാണ് ഉണ്ടായത്. ഗോദ്റെജ് കമ്പനിയുടെ ആസ്തിയിൽ മൂന്ന് ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് ഉടമ ശിവ് നാടാറുടെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ശതമാനവും വർധനയുണ്ടായി.

കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുന്ന സമീപനം ഇവർക്ക് 1.45 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തതെന്നും സാമ്പത്തിക വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു.

14-Oct-2019