മരട് ഫ്ലാറ്റ് നഷ്ടപരിഹാരം, ആദ്യഘട്ട പട്ടിക കൈമാറി..
അഡ്മിൻ
കൊച്ചി: മരട് ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്‌ടപരിഹാരത്തിന്റെ ആദ്യഘട്ട പട്ടിക ജസ്‌റ്റിസ്‌് കെ. ബാലകൃഷ്‌ണന്‍ നായര്‍ സമിതി സര്‍ക്കാരിനു കൈമാറി. തീരപരിപാലനനിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതിനുവേണ്ടിയാണ് ജസ്‌റ്റിസ്‌് കെ. ബാലകൃഷ്‌ണന്‍ നായര്‍ സമിതി രൂപീകരിച്ചത്. പത്താം തീയതി ചേർന്ന സമിതിയുടെ സിറ്റിങ്ങിലെ നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസം വരെ മരട് നഗരസഭയില്‍ 25 ഫ്‌ളാറ്റുടമകള്‍ രേഖകള്‍ സമര്‍പ്പിച്ചു. ഇതില്‍ പരിശോധന നടത്തിയ ശേഷം 19 പേരുടെ നഷ്‌ടപരിഹാര അപേക്ഷകളാണ് സമിതിയുടെ മുമ്പാകെ സമര്‍പ്പിച്ചത്. ഇതില്‍ നിന്നാണ് 14 പേരുടെ ആദ്യ ഘട്ട പട്ടിക തുടര്‍നടപടിക്കായി സമിതി തയാറാക്കി കൈമാറിയത്. ഇതിൽത്തന്നെ 51 ലക്ഷത്തിനും രണ്ടുകോടിക്കും ഇടയിലുള്ള തുക നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിടത്ത് മൂന്നുപേര്‍ക്കു മാത്രമാണ് 25 ലക്ഷം രൂപയും ബാക്കി 11 ഫ്‌ളാറ്റ് ഉടമകള്‍ക്ക് 13 ലക്ഷം മുതല്‍ 23 ലക്ഷം വരെ നൽകാനും തീരുമാനിച്ചിരിക്കുന്നത്.
ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയം-നാല്, ആല്‍ഫ സെറിന്‍-നാല്, ജെയിന്‍ കോറല്‍-ആറ് എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയിലുള്ളവര്‍. ആല്‍ഫയിലെ ഒരാള്‍ക്കും ജെയിന്‍ കോറലിലെ രണ്ടുപേര്‍ക്കുമാണ് 25 ലക്ഷം നൽകുക. നഷ്‌ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ മാസം 17 വരെ മരട് നഗരസഭയില്‍ സമര്‍പ്പിക്കാം. ഉടമകള്‍ വിലനല്‍കിയതു സംബന്ധിച്ച വിവരങ്ങള്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളും ഈ മാസം 16ന് മുമ്പായി സമര്‍പ്പിക്കണം. ഫ്‌ളാറ്റുടമകളും നിര്‍മാതാക്കളും രേഖകളും തെളിവുകളും മരട് നഗരസഭാ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. നല്‍കിയ വിലയും പണമിടപാടും സംബന്ധിച്ച രേഖകളും സമര്‍പ്പിക്കണം.