ന്യൂ ഡൽഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റു ചെയ്‌തേക്കും. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17ന് അവസാനിക്കുകയാണ്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യംചെയ്യാന്‍ ഇ ഡിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാമെന്നും കോടതി അറിയിച്ചിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ജുഡീഷ്യൽ കസ്റ്റഡിയിലായത്. തീഹാർ ജയിലിലാണ് ഇപ്പോഴദ്ദേഹമുള്ളതു.
ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി അനുമതി നൽകിയിരിക്കുന്നത്. അറസ്റ്റിന് അനുമതി തേടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. കോടതി പരിസരത്ത് വച്ച് ചിദംബരത്തെ ചോദ്യം ചെയ്യുക പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക, അല്ലെങ്കില്‍ തിഹാര്‍ ജയിലില്‍ നിന്നും ചിദംബരത്തെ അറസ്റ്റ് ചെയ്യാം. പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാം. തീഹാർ ജയിലിൽ നിന്നും ചിദംബരത്തെ അറസ്റ്റ് ചെയ്യുമെന്നാണ് കിട്ടുന്ന വിവരം.