ലഖ്‌നൗ:ഹിന്ദു മഹാസഭാ നേതാവിന്റെ മരണത്തിൽ ബി ജെ പി നേതാവിന്റെ പങ്കാരോപിച്ച് അമ്മ. ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. മഹ്മുദാബാദിലെ ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശിവ കുമാർ ഗുപ്തയെന്ന ബി.ജെ.പി നേതാവ് തന്റെ മകനെ ഭീഷണിപ്പെടുയിരുന്നതായി കമലേഷിന്റെ അമ്മ ആരോപിക്കുന്നു . തന്റെ മകനെ കൊന്നുകളയുമെന്ന് ശിവ കുമാർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നെന്നും അവർ ആരോപിച്ചു. ഗുപ്തയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന തന്റെ ആവശ്യം ആരും കേൾക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. തന്റെ മകന് നീതി കിട്ടണമെന്നും താൻ അത് വാങ്ങിക്കൊടുക്കും അവർ പറഞ്ഞു.
ഇതിനിടയിൽ ആരോപിതരായി പിടിക്കപ്പെട്ടവർ യഥാർത്ത പ്രതികളാണോയെന്നു തങ്ങൾക്ക് സംശയം ഉണ്ടെന്നു ആരോപിച്ച് തിവാരിയുടെ മറ്റു കുടുംബങ്ങളും രംഗത്തെത്തി. രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ തിവാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നെങ്കിലും സംഭവം നടക്കുമ്പോള്‍ ആരും ഒപ്പമുണ്ടായിരുന്നില്ല. ഒരാള്‍ രണ്ടുദിവസമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന് ആരോപണമുണ്ട്. മറ്റൊരാള്‍ ഈ സമയം ഉറക്കത്തിലായിരുന്നു. തങ്ങൾക്ക് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും തിവാരിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ സന്ദർശിച്ചതിനു ശേഷമായിരുന്നു ഇവരുടെ പ്രതികരണം.