ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധന : സംസ്ഥാനത്ത് ജാഗ്രത നിർദേശം
അഡ്മിൻ
ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിപറയും. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകി.
സംസ്ഥാനത്ത് എവിടെയെങ്കിലും അക്രമമുണ്ടാക്കിയാൽ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. വിധി ദുർവ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് ജാഗ്രത നിർദേശം നൽകി. അക്രമ സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്.
രാവിലെ 10. 30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.
2018 സെപ്തംബർ 28നാണ് ശബരിമലയിൽ സ്ത്രീകൾക്ക് ദർശനം നൽകാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചിൽ രഞ്ജൻ ഗൊഗോയ് ഇല്ലായിരുന്നു. ആ ബെഞ്ചിൽ ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് എ. എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി. വൈ. ചന്ദ്രചൂഡ് എന്നിവർ.