ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് നൽകിയില്ല. കാൻസർ രോഗിയെ തല്ലിച്ചതച്ചു.
അഡ്മിൻ
ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർഥികളായ ക്യാൻസർരോഗിയെയും സഹോദരനെയും വണ്ടി തടഞ്ഞുനിർത്തി തല്ലിച്ചതച്ചു. തലശേരി ബ്രണ്ണൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തിൽ ഗോകുൽ കൃഷ്ണ, അർജുൻ കൃഷ്ണ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൂക്കോത്തുനടയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
നട്ടെല്ലിനും അരക്കെട്ടിനും ട്യൂമർ ബാധിച്ച ഗോകുലിന് ബസ് യാത്ര പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതിനാൽ ബാങ്കുവായ്പയെടുത്ത് വാങ്ങിയ കാറിലാണ് യാത്ര. ഗോകുലും അർജുനും ബുധനാഴ്ച വൈകിട്ട് കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വളപട്ടണം പാലത്തിലാണ് സംഭവത്തിന്റെ തുടക്കം. തുടർച്ചയായി ഹോണടിച്ചുവന്ന കെഎൽ 13 എഎം 6001 ഇന്നോവ കാറിന് ഗോകുൽ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ധർമശാലയിലെത്തിയപ്പോഴാണ് കടന്നുപോയത്.
ഗോകുലും അനുജനും പൂക്കോത്തുനടയിൽ എത്തിയപ്പോൾ ആർഎസ്എസ് - ബിജെപിക്കാരായ ആളുകൾ കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. ക്യാൻസർരോഗിയാണെന്നും തല്ലരുതെന്നും ഇരുവരും കാലിൽവീണ് കേണിട്ടും അക്രമികൾ പിൻവാങ്ങിയില്ല. ഗോകുലും അനുജനും കാറിലെത്തുന്ന വിവരം തളിപ്പറമ്പിലെ ബിജെപിക്കാരെ വിളിച്ചറിയിച്ചതിനാലാണ് അക്രമികൾ സംഘടിച്ചെത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രതീഷ്, ചുമട്ടുതൊഴിലാളി പട്ടുവം മുറിയാത്തോട്ടിലെ രാജീവൻ, തൃച്ചംബരത്തെ പി ടി പ്രസന്നൻ തുടങ്ങിയവർ അക്രമത്തിനുണ്ടായിരുന്നു. നാട്ടുകാരാണ് ഗോകുലിനെയും അനുജനെയും ആശുപത്രിയിലെത്തിച്ചത്.